ചോരക്കറ പുരണ്ട് കൊച്ചി​

Monday 26 September 2022 1:11 AM IST

54 ദിവസം

8 കൊലപാതകം

കൊച്ചി: 54 ദിവസത്തിനിടെ ജില്ലയിൽ നടന്നത് എട്ട് കൊലപാതകങ്ങൾ. ഒന്ന് അങ്കമാലിയിലും മറ്റ് ഏഴെണ്ണം കൊച്ചി കേന്ദ്രീകരിച്ചും. ഏഴ് സംഭവങ്ങളിലും പ്രതികൾ യുവാക്കൾ. ആറ് കേസുകളിൽ പ്രതികളെ പിടികൂടിയപ്പോൾ എറണാകുളം നോർത്തിൽ നടന്ന കത്തിക്കുത്തിൽ പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കൊലപാതകങ്ങളും ലഹരിക്കേസുകളും വർദ്ധിച്ചതോടെ പരിശോധനയെല്ലാം കടുപ്പിച്ചിരിക്കെയാണ് ഞായറാഴ്ച ദാരുണസംഭവമുണ്ടായത്. കൊച്ചിയിൽ ലഹരി കേസുകൾ പെരുകുമ്പോഴും പൊലീസിന്റെ പരിശോധനകളും നടപടികളും മന്ദഗതിയിലാണെന്നും നൈറ്ര് പെട്രോളിംഗ് സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

 ആഗസ്റ്റ് ഒന്ന് : കൊല്ലപ്പെട്ടത് അങ്കമാലി നായത്തോട് സ്വദേശി മേരി. പ്രതി മകൻ കിരൺ. കൊലപ്പെടുത്തിയത് പണം നൽകാത്തതിന്റെ വൈരാഗ്യത്തിന്

 ആഗസ്റ്റ് 10 : കുത്തേറ്റ് മരിച്ചത് കൊല്ലം സ്വദേശി എഡിസൺ. പ്രതി മുളവുകാട് സ്വദേശി സുരേഷ് ഒളിവിൽ. ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തിനിടെ പ്രതി മദ്യക്കുപ്പിപൊട്ടിച്ച് എഡിസന്റെ കഴുത്തിൽ കുത്തിയിറക്കി.

 ആഗസ്റ്റ് 14 : അർദ്ധരാത്രി കൊല്ലപ്പെട്ടത് വരാപ്പുഴ സ്വദേശി ശ്യാം ശിവാനന്ദൻ. കേസിൽ മൂന്ന് പ്രതികൾ. ട്രാൻസ്‌ജെൻഡറുമായി സംസാരിക്കുന്നതിനിടെ കളിയാക്കി പാട്ടുപാടിയത് പ്രകോപനമായി.

 ആഗസ്റ്റ് 17: കാക്കനാട് ഫ്‌ളാറ്റിൽ യുവാവിനെ കൊന്ന് പൈപ്പ് ഡക്ടിൽ തള്ളിയനിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. പ്രതി കോഴിക്കോട് സ്വദേശി അർഷാദ്. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം കൊലയ്ക്ക് വഴിവച്ചു

 ആഗസ്റ്റ് 28: നെട്ടൂരിൽ യുവാവ് ക്രൂരമർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടു. മരിച്ചത് പാലക്കാട് സ്വദേശി അജയ് കുമാർ. പ്രതി ഇയാളുടെ സുഹൃത്തിന്റെ ഭർത്താവ് സുരേഷ് അയ്യപ്പൻ. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

 സെപ്തംബർ 10: സംഘർഷത്തിനിടെ കുത്തേറ്റത് മരിച്ചത് വെണ്ണല സ്വദേശി ഷജുൻ. പ്രതി കലൂർ സ്വദേശി കിരൺ. ഇൻസ്റ്റാഗ്രാം പോസ്റ്രിനെ ചൊല്ലിയുണ്ടായ കമ്മന്റ് പോര് സംഘർഷത്തിലും പിന്നെ കൊലപാതകത്തിലും കലാശിച്ചു.

 സെപ്തംബർ 24: ഇരുമ്പനത്ത് വച്ച് കഴി​ഞ്ഞ സെപ്തംബറി​ൽ കുത്തേറ്റ തൃപ്പൂണി​ത്തുറ ചൂരക്കുളത്ത് വീട്ടി​ൽ പ്രവീൺ​ ഫ്രാൻസി​സ് കോട്ടയം മെഡി​ക്കൽ കോളേജി​ൽ ഇന്നലെ മരി​ച്ചു. പ്രതി​ തൃപ്പൂണി​ത്തുറ മാർക്കറ്റ് റോഡ് കോളനി​യി​ൽ അഖി​ൽ. മുൻവൈരാഗ്യമാണ് കൊലയ്ക്ക് പി​ന്നി​ൽ.

 സെപ്തംബർ 24: കലൂർ സ്റ്റേഡി​യത്തി​ന് പി​ന്നി​ൽ കുത്തേറ്റത് മരിച്ചത് പള്ളുരുത്തി​ സ്വദേശി​ രാജേഷ്. പ്രതി കാസർകോട്ടുകാരൻ മുഹമ്മദ് ഹസൻ. ഗാനമേളയ്ക്കി​ടെയുണ്ടായ തർക്കം പി​ന്നീട് കൊലപാതകത്തി​ലെത്തി​.