പ്രത്യേകതകളുമായി ഒരുങ്ങുന്നു, പ്രശാന്തി ഗാർഡൻ മോഡൽ ശ്മശാനം

Monday 26 September 2022 12:19 AM IST
പണി പൂർത്തിയാകുന്ന പ്രശാന്തി ഗാർഡൻ മോഡൽ ശ്മശാനം

കോഴിക്കോട്: പൊതു ശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കൽപങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാർഡൻ ശ്മശാനത്തിന്റെ അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയാവുന്നു. ഉള്ള്യേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നിൽ 2.6 ഏക്കർ സ്ഥലത്താണ് പ്രശാന്തി ഗാർഡൻ നിർമിക്കുന്നത്. ഒക്ടോബർ 31നകം മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി സച്ചിൻദേവ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫർണസ്, ചിമ്മിനി എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂർത്തീകരിക്കാനുള്ളത്. വൈദ്യുതി, വെള്ളം, ലാൻഡ്‌സ്‌കേപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഈ സമയത്തിനുള്ളിൽ പൂർത്തിയാക്കും. ദക്ഷിണേന്ത്യയിലെതന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമറ്റോറിയമാണിത്.

മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 3.90 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ശ്മശാനം ഒട്ടേറെ പ്രത്യേകതകളോടെയാണ് ഒരുങ്ങുന്നത്. സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വെയ്ക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, കാരക്കുന്ന് മലയിൽനിന്നുള്ള പ്രകൃതിമനോഹര കാഴ്ചകൾ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്. ഉദ്യാനം, ഇടവഴികൾ, വായനാമുറികൾ, വിശ്രമ ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാവും. പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിലായാണ് ഇത് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും ഉപയോഗിക്കാൻ കഴിയും.

ഉള്ള്യേരി സംസ്ഥാനപാതയിൽ പാലോറയിൽനിന്ന് ഏകദേശം 700 മീറ്റർ സഞ്ചരിച്ചാൽ ഈ ശ്മശാനത്തിൽ എത്തിച്ചേരാം. ഒരേസമയം രണ്ടു മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ഗ്യാസ് ക്രിമറ്റോറിയമാണ് ഒരുക്കുന്നത്. മരണാനന്തരചടങ്ങുകൾ നടത്താനുള്ള വിവിധ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കുളിക്കുന്നതിനും കർമങ്ങൾ ചെയ്യുന്നതിനും ഭസ്മം ശേഖരിക്കുന്നതിനും നിമജ്ജനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്നതിനും പ്രത്യേക സൗകര്യമുണ്ടാവും. കൊവിഡ് കാരണമാണ് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കാലതാമാസം നേരിട്ടത്. ആവശ്യമായിവന്നാൽ ഇലക്ട്രിക്കൽ ക്രിമറ്റോറിയവും സജ്ജീകരിക്കാൻ കഴിയും. യു.എൽ.സി.സി.എസിനാണ് നിർമാണച്ചുമതല.