കേരള പൊലീസിന്റെ ഇടപെടൽ വീജയം, ജാർഖണ്ഡിൽ നാട്ടുകാർ ബന്ദികളാക്കിയ ബസും ജീവനക്കാരെയും മോചിപ്പിച്ചു
തിരുവനന്തപുരം : ജാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാനായി പോയ ബസും രണ്ട് ജീവനക്കാരെയും നാട്ടുകാർ ബന്ദികളാക്കിയ സംഭവത്തിൽ കേരള പൊലീസിന്റെ ഇടപെടൽ വിജയകരം. ബസിനെയും ജീവനക്കാരെയും പൊലീസ് നാട്ടുകാരിൽ നിന്ന് മോചിപ്പിച്ചു.
ജാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ പോയ ബസും ജീവനക്കാരായ ഇടുക്കി സ്വദേശികളായ അനിൽ, ദേവികുളം ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. .കേരളത്തിലേക്ക് പോകാൻ പതിനഞ്ചു പേർ കാത്തു നിൽക്കുന്നു എന്നറിയച്ചാണ് ഗ്രാമവാസികൾ ബസ് ഗ്രാമത്തിലെത്തിച്ചത്. ഗ്രാമത്തിലെത്തിയപ്പോൾ ബസും ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. ആറു മാസം മുമ്പ് ഗ്രാമത്തിൽ നിന്നും കൊണ്ടു പോയ തൊഴിലാളികളിൽ ചിലർക്ക് ശമ്പളം കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ ജീവനക്കാരെയും ബസും പിടിച്ചുവെച്ചത്. ഇടുക്കി കട്ടപ്പന സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ള ബസാണ് പിടിച്ചുവെച്ചത്.
സംഭവം ജാർഖണ്ഡ് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ല. തുടർന്ന് ജീവനക്കാർ കേരളാ പൊലീസീന് വിളിക്കുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് എ.ഡി.ജി.പി ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ജാർഖണ്ഡ് പൊലീസ് ഇവരെ മോചിപ്പിക്കുകയുമായിരുന്നു.