9 വനിതാ സ്റ്റാർട്ടപ്പുകൾക്ക് ₹1.08 കോടിയുടെ ഗ്രാന്റ്

Monday 26 September 2022 3:07 AM IST

കൊച്ചി: വനിതാ സംരംഭകർക്കുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രൊഡക്ടൈസേഷൻ ഗ്രാന്റ് സ്വന്തമാക്കി ഒമ്പത് സ്റ്റാർട്ടപ്പുകൾ. 12 ലക്ഷം രൂപ വീതമാണ് ഗ്രാന്റ്. സ്ത്രീകൾക്ക് പകുതിയിലധികം ഓഹരി ഉടമസ്ഥതയുള്ള കേരളത്തിലെ സ്റ്റാർട്ടപ്പുകളെയാണ് പരിഗണിച്ചത്.

സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ദ്വിദിന വിമൻ സ്റ്റാർട്ടപ്പ് ഉച്ചകോടിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ആകെ 1.08 കോടി രൂപ ഗ്രാന്റായി അനുവദിച്ചു. വനിതാ സ്റ്റാർട്ടപ്പുകൾക്ക് സോഫ്റ്റ് ലോൺ വിഭാഗത്തിൽ ആറു ശതമാനം പലിശനിരക്കിൽ 15 ലക്ഷം രൂപ വരെയും ലഭിക്കും.

വിമൻ സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ 40 വിഭാഗങ്ങളിലായി 80ലേറെ പേർ സംസാരിച്ചു. 500ലധികം പ്രതിനിധികൾ പങ്കെടുത്തു. ഉച്ചകോടിയുടെ സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം രമ്യ നമ്പീശൻ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാന്റ് വിജയികൾ

 ഹലോ എ.ഐ (പ്രീത പ്രഭാകരൻ)

 ഫോണോലോജിക്‌സ് ഹെൽത്ത് സൊലൂഷൻസ് (എലിസബത്ത് തോമസ്)

 ലിൻസിസ് ഇന്നൊവേഷൻസ് (ജീന യൂസഫ്)

 ബൈലിൻ മെഡ്‌ടെക് (ഡോ. ലിനി ബേസിൽ)

 വർഷ്യ എക്കോ സൊലൂഷൻസ് (അനു അശോക്)

 ഡോക്കർ വിഷൻ എൽ.എൽ.പി (ആതിര എം.)

 ഇറാ ലൂം ഇന്റർനാഷണൽ (ഹർഷ പുതുശേരി)

 റെഡ്ഹാപ് (വിദ്യ ഹരീന്ദ്രൻ)

 സ്യൂ സ്റ്റോർ എൽ.എൽ.പി (കൃഷ്ണ കറപ്പത്ത്)

''സംരംഭകത്വ വികസനത്തിൽ ലിംഗസമത്വം കൈവരിക്കാനുള്ള സ്റ്റാർട്ടപ്പ് മിഷന്റെ ശ്രമങ്ങൾക്ക് ഗ്രാന്റ് ശക്തിപകരും""

സൂര്യ തങ്കം,​ മാനേജർ,​

ഇന്നവേഷൻ സൊല്യൂഷൻ ആൻഡ് പ്രൊക്യുർമെന്റ്

സ്റ്റാർട്ടപ്പ് മിഷൻ.