ടാറ്റാ പഞ്ച് കാമോ എഡിഷൻ എത്തി
കൊച്ചി: വിപണിയിലെത്തി അതിവേഗം വൻതരംഗമായി മാറിയ ചെറു എസ്.യു.വിയാണ് ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിച്ച പഞ്ച്. ഈ ഉത്‌സവകാലത്ത് വിപണിക്ക് കൂടുതൽ ആവേശം പകർന്ന് പഞ്ചിന്റെ പുതിയ സ്‌പെഷ്യൽ എഡിഷനും ടാറ്റ പുറത്തിറക്കി. 'കാമോ എഡിഷൻ" എന്നാണ് പുതിയ പതിപ്പിന് ടാറ്റ നൽകിയ പേര്. 'കാസിരംഗ" എഡിഷന് ശേഷം എത്തുന്ന പുതിയ സ്‌പെഷ്യൽ മോഡലാണിത്. 6.85 ലക്ഷം രൂപ മുതലാണ് കാമോ എഡിഷന്റെ എക്‌സ്ഷോറൂം വില. റെഗുലർ പതിപ്പിനെ അപേക്ഷിച്ച് പുറംമോടിയിലും അകത്തളത്തിലും നിരവധി മാറ്റങ്ങൾ കാമോ എഡിഷനിൽ കാണാം. ഇളംപച്ചില നിറം അഥവാ ഫോലിജ് ഗ്രീൻ പെയിന്റ് സ്കീമിലാണ് കാമോ എഡിഷൻ ഒരുക്കിയിട്ടുള്ളത്. പിയാനോ ബ്ളാക്ക്, പ്രിസ്‌റ്റീൻ വൈറ്റ് ഡ്യുവൽ-ടോൺ റൂഫ് ഓപ്‌ഷനുണ്ട്. ഫെൻഡറുകളിൽ കാമോ ബാഡ്‌ജിംഗ് കാണാം. സിൽവർ സ്കിഡ് പ്ലേറ്റുകൾ, 16-ഇഞ്ച് ചാർകോൾ ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും മാറ്റങ്ങളാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എൻജിനാണ് കാമോ എഡിഷന്റെയും ഹൃദയം. കരുത്ത് 84 ബി.എച്ച്.പി. പരമാവധി ടോർക്ക് 113 എൻ.എം. 5-സ്പീഡ് മാനുവൽ ഗിയർ ബോക്‌സും എ.എം.ടി ഗിയർബോക്‌സുമുണ്ട്. മിലിട്ടറി വാഹനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് അകത്തളം. മിലിട്ടറി ഗ്രീൻ കളർ തീമാണ് അകത്തളത്തിലുള്ളത്. യുദ്ധഭൂവിലെ പട്ടാളവസ്ത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് കാമോഫ്ളാഷ്ഡ് സീറ്റ് അപോൾസ്‌റ്ററിയും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ കണക്‌ടിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം ഈ മൈക്രോ എസ്.യു.വിയുടെ അകത്തളത്തിലെ മറ്റൊരു ആകർഷണമാണ്. 6-സ്പീഡ് സ്പീക്കർ സൗണ്ട് സിസ്‌റ്റം, ക്രൂസ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകളും ഒപ്പം കാമറയും, ഡ്യുവൽഫ്രണ്ട് എയർബാഗുകൾ എന്നിങ്ങനെയും മികവുകളാൽ സമ്പന്നമാണ് ടാറ്റാ പഞ്ച് കാമോ എഡിഷൻ.