ബാലരാമപുരം ഹെറോയിൻ കടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

Monday 26 September 2022 12:00 AM IST

തിരുവനന്തപുരം: ബാലരാമപുരത്തെ 158 കോടിയുടെ ഹെറോയിൻ കടത്തിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ബിനുക്കുട്ടനെ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്‌തു. സിംബാബ്‌വെയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ ബിനുക്കുട്ടന് ഹെറോയിൻ കടത്തുമായി സുപ്രധാന ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആഫ്രിക്കയിൽ നിന്നെത്തിച്ച ഹെറോയിൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിനുക്കുട്ടന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്‌തത്. മുംബെയിൽ നിന്ന് ട്രെയിൻ മാർഗമായിരുന്നു ലഹരിമരുന്ന് തലസ്ഥാനത്ത് എത്തിച്ചിരുന്നത്. ബിനുക്കുട്ടന്റെ ബന്ധുവും കേസിലെ മറ്റൊരു സൂത്രധാരനുമായ ഷാജി നടരാജന് വേണ്ടി ഡി.ആർ.ഐ തിരച്ചിൽ ഊർജിതമാക്കി. രാജ്യം വിടാൻ സാദ്ധ്യതയുളളതിനാൽ ഷാജിക്ക് വേണ്ടി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വരുംദിവസങ്ങളിൽ കേരളത്തിൽ നിന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.