സ്വതന്ത്ര സോഫ്ട്‌വെയർ മതിയെന്ന് മന്ത്രി വി.ശിവൻകുട്ടി

Monday 26 September 2022 12:00 AM IST

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടായി നടന്നുവരുന്ന കേരളത്തിലെ ഐ.ടി വിദ്യാഭ്യാസം മാതൃകയാകുന്നത് പൂർണമായും സ്വതന്ത്ര സോഫ്ട്‌വെയർ അധിഷ്ഠിതമായതിനാലാണെന്നും തത്ഫലമായി 3,000 കോടി രൂപ ലാഭിക്കാനായത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്നും മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉടമസ്ഥാവകാശമുള്ള സോഫ്ട് വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്ട്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. ഐകാൻ ഉപദേശക സമിതി അംഗം സതീഷ് ബാബു, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് 14 ജില്ലാകേന്ദ്രങ്ങളിലും സ്വതന്ത്ര സോഫ്ട്‌വെയർ മേഖലയിലെ 14 വിഷയങ്ങളിൽ വിദഗ്ദ്ധർ പ്രഭാഷണം നടത്തുന്നത് ലൈവായി പ്രദർശിപ്പിച്ചു. ക്ലാസുകൾ www.kite.kerala.gov.in/SFDay2022 വഴി കാണാം.