എ.കെ.ജി സെന്റർ ആക്രമണം: പടക്കം എത്തിച്ചത് സുഹൃത്തെന്ന് പ്രതിയുടെ മൊഴി,​ കൂടുതൽപേർ പ്രതികളാകും

Monday 26 September 2022 12:00 AM IST

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിനായി പടക്കവും സ്കൂട്ടറും എത്തിച്ചു നൽകിയത് സുഹൃത്തുക്കളാണെന്ന് പ്രതി ജിതിൻ മൊഴി നൽകിയതായി വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച്, ഇയാൾക്ക് സഹായം ചെയ്തവരേയും ഗൂഢാലോചനയിൽ പങ്കെടുത്തവരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. സ്കൂട്ടറിന്റെ ഉടമ,​ വാഹനം എത്തിച്ചുനൽകിയ വനിതാ സുഹൃത്ത്,​ പടക്കം വാങ്ങി നൽകിയ ആൾ എന്നിവരെ ഇതിനായി വീണ്ടും ചോദ്യം ചെയ്യും.

അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് ജിതിനെ വൈദ്യ പരിശോധനയ്ക്കുശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഗൗരീശപട്ടം,​ എ.കെ.ജി സെന്റർ പരിസരം,​ ആറ്രിപ്ര,​ കഴക്കൂട്ടം എന്നിവിടങ്ങളിൽ​ ജിതിനുമായി തെളിവെടുപ്പ്‌ നടത്തി.

അതേസമയം ആക്രമണ സമയത്ത് ജിതിൻ ധരിച്ചിരുന്ന ഷൂ കിട്ടിയെങ്കിലും ടീ ഷർട്ട് കണ്ടെത്താനായിട്ടില്ല. ടീ ഷർട്ട് ജിതിൻ നഗരത്തിലെ ഒരു ഷോപ്പിൽ നിന്ന് വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു.

ജിതിന്റെ വനിതാ സുഹൃത്ത്‌ സംഭവദിവസമായ ജൂൺ 30ന്‌ രാത്രി 11ന്‌ ഗൗരീശപട്ടത്തുവച്ചാണ്‌ സ്കൂട്ടർ കൈമാറിയതെന്ന് അന്വേഷണസംഘം പറയുന്നു. ജിതിൻ കൃത്യം നടത്തി തിരിച്ചുവരുംവരെ ഇവർ കാറിൽ കാത്തിരുന്നു. മടങ്ങിയെത്തി ജിതിൻ കാറുമായി പോയപ്പോൾ ഇവർ സ്കൂട്ടറിൽ മടങ്ങി. നേരത്തെ ഇവരെ ചോദ്യംചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്തശേഷമാകും ഇവരെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

എന്നാൽ, ആക്രമണം നടത്താൻ പോകാനാണ് സ്കൂട്ടർ ആവശ്യപ്പെട്ടതെന്ന് തനിക്ക് അറിവില്ലായിരുന്നെന്നാണ് വനിതാ സുഹൃത്തിന്റെ

മൊഴി. സുഹൃത്ത്‌ എന്ന നിലയിൽ ജിതിനെ കാണാൻ പോകുക മാത്രമാണുണ്ടായതെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് കസ്റ്റഡിയിൽ തന്നെ സന്ദർശിച്ചവരോട് ജിതിൻ ആവർത്തിക്കുന്നു.