ഒളിച്ചോടി വന്നതാണെങ്കിലും ഒടുവിൽ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം:വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കണ്ടു പരാതി പറയാൻ കോഴിക്കോട് കുറ്റ്യാടിയിൽ നിന്ന് പുറപ്പെട്ട പതിനാറുകാരൻ നേരേ വച്ചു പിടിച്ചത് ക്ളിഫ് ഹൗസിലേക്ക്. രാത്രി മുഖ്യമന്ത്രിയുടെ വീടുതിരക്കിയെത്തിയെങ്കിലും അന്തിയുറങ്ങിയത് പൊലീസ് സ്റ്റേഷനിൽ. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ഇന്നലെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് പരാതി കേട്ടശേഷം ഒരുമിച്ച് നിന്നു ഫോട്ടോയും എടുത്തു.
വായ്പാതിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ സ്ഥാപനത്തിന്റെ ശല്യം ഏറിയതോടെയാണ് ഇതിനൊരു പരിഹാരം തേടി കുറ്റ്യാടി കാക്കുനി സ്വദേശി രാജീവന്റെ മകൻ ദേവനന്ദൻ തിരുവനന്തപുരത്തേക്ക് വച്ചുപിടിച്ചത്. ആവള ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്.
ശനിയാഴ്ച രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്‌പ്രസിൽ കയറി രാത്രി 9 മണിയോടെ തമ്പാനൂരിലെത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ പോകണമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറി. ഓട്ടോക്കാരൻ നന്തൻകോട് ദേവസ്വം ജംഗ്ഷനിൽ കൊണ്ടാക്കി. അവിടെ നിന്ന പൊലീസുകാരോട് മുഖ്യമന്ത്രിയുടെ വീട് തിരക്കി. പരാതി പറയാൻ വീട്ടുകാർ അറിയാതെ വന്നതാണെന്ന് പറഞ്ഞതോടെ അവർ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെ വിവരം അറിയിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്തു. മകനെ കാണാതെ പരിഭ്രാന്തിയിലായിരുന്ന രക്ഷിതാവ് ഉടൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ മ്യൂസിയം സ്റ്റേഷനിലെത്തി കാര്യം ധരിപ്പിച്ചു. അപ്പോഴും മുഖ്യമന്ത്രിയെ കാണണമെന്ന് ദേവനന്ദൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ, എസ്.ഐ ജിജുകുമാർ വിവരം മേലധികാരികളെ ധരിപ്പിച്ചു. കാര്യമറിഞ്ഞ മുഖ്യമന്ത്രി കൂട്ടിക്കൊണ്ടുവരാൻ നിർദ്ദേശം നൽകി. ചേംബറിൽ കാണാനെത്തിയ ഇരുവരോടും വായ്പയുടെ വിവരങ്ങൾ ആരാഞ്ഞു. എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദേവനന്ദന്റെ ആഗ്രഹ പ്രകാരം ഒരുമിച്ച് നിന്ന് ഫോട്ടോയും എടുത്തു. വീട്ടുകാർ അറിയാതെ എങ്ങും പോകരുതെന്ന് വിലക്കുകയും ചെയ്തു. ഇരുവരെയും പൊലീസുതന്നെ മടങ്ങിപ്പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.