നേതാക്കളുടെ പീഡനമെന്ന് എഴുതിവച്ച് സി.പി.എം പ്രവർത്തകൻ ജീവനൊടുക്കി

Sunday 25 September 2022 11:27 PM IST

റാന്നി: സ്ഥലവും പണവും ആവശ്യപ്പെട്ട് പാർട്ടി നേതാക്കൾ മാനസികമായി പീഡിപ്പിക്കുകയും ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്‌തതായി ഡയറിയിൽ എഴുതിവച്ച ശേഷം സി.പി.എം പ്രവർത്തകൻ ആത്മഹത്യ ചെയ്തു. പെരുനാട് മഠത്തുംമൂഴി മേലേതിൽ ബാബുവാണ് (68) റബർ മരത്തിൽ തൂങ്ങി മരിച്ചത്.

സി.പി.എം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്. മോഹനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ 13ാം വാർഡംഗവും പാർട്ടി നേതാവുമായ ശ്യാം എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. കൈയക്ഷരം ഭർത്താവിന്റേതാണെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ബാബുവിന്റെ ഭാര്യ കുസുമകുമാരി പെരുനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള മക്കൾ എത്തിയശേഷം സംസ്‌കരിക്കും.

ആരോപണ വിധേയരായ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ സെക്രട്ടറിയുമുൾപ്പെടെയാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ശബരിമല പാതയിൽ മഠത്തുംമൂഴി വലിയ പാലത്തിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയാൻ ബാബുവിന്റെ വീടിനോട് ചേർന്ന സ്ഥലം ഏറ്റെടുക്കുന്നതിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എൻജിനിയറുമായി എത്തി പ്രസിഡന്റും പഞ്ചായത്തംഗവും സ്ഥലമേറ്റെടുക്കൽ നടപടിയിലേക്ക് കടന്നിരുന്നു.

ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്:

പിതാവ് വിട്ടു നൽകിയ സ്ഥലത്തെ വെയിറ്റിംഗ് ഷെഡ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾ മാനസികമായി പീഡിപ്പിക്കുകയും പണം ചോദിക്കുകയും ചെയ്‌തു. പെരുനാട് സഹകരണ ബാങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചില്ലെങ്കിൽ കിണറിന് സമീപം പൊതുകക്കൂസ് പണിയുമെന്നും പറഞ്ഞു. പി.എസ്.മോഹനന് മൂന്ന് ലക്ഷംരൂപയും ലോക്കൽ സെക്രട്ടറിക്കും വാർഡംഗത്തിനും ഒരോ ലക്ഷവും നൽകണമെന്നും ഭീഷണിപ്പെടുത്തി. സാമൂഹ്യവിരുദ്ധർക്ക് മദ്യവും മറ്റും നൽകി അസഭ്യവർഷം നടത്തി.

ഭീഷണിപ്പെടുത്തിയിരുന്നു :

ബാബുവിന്റെ ഭാര്യ

വേനൽക്കാലത്ത് പൊതുജനങ്ങളടക്കം വെള്ളം എടുക്കുന്ന തങ്ങളുടെ കിണറിന് സമീപം ടോയ്ലറ്റ് നിർമിക്കുന്നതിനെ എതിർത്തിരുന്നു. ഇതോടെ തങ്ങളെ ഭീഷണിപ്പെടുത്തി. റോഡിന് താഴെയുള്ള സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ സുകർമ്മ പാലിയേറ്റീവിന് വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു.

'' അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. പുറമ്പോക്ക് സ്ഥലമാണ് ഏറ്റെടുക്കുന്നത്. തർക്കമുണ്ടായപ്പോൾ ചർച്ച ചെയ്‌ത് പരിഹരിച്ചു. സന്തോഷത്തോടെയാണ് ഇക്കാര്യം ചർച്ച ചെയ്തു പിരിഞ്ഞത്.

പി. എസ്.മോഹനൻ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ്.

Advertisement
Advertisement