നവമാദ്ധ്യമങ്ങളിൽ അക്ഷയ് കുമാറിന്റെ പോസ്റ്റ്, കുളത്തിന് പുതുജീവനേകി
അടൂർ : സാമൂഹ്യപ്രതിബദ്ധതോടെ ആറാംക്ളാസുകാരന്റെ ഫേസ് ബുക്കിൽ ചെയ്ത പോസ്റ്റ് നാട്ടുകാരുടെ കണ്ണുതുറപ്പിച്ചു. വർഷങ്ങളായി ആഫ്രിക്കൻ പായൽ നിറഞ്ഞ് ഉപയോഗശൂന്യമായ കുളം ഇതോടെ നാട്ടുകാർ ചേർന്ന് വൃത്തിയാക്കി. കടമ്പനാട് കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്. എസിലെ 6-ാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് കുമാർ നവമാദ്ധ്യമങ്ങളിൽ ചെയ്ത പോസ്റ്റാണ് ഏറത്ത് പഞ്ചായത്ത് അധികാരികളുടേയും നാട്ടുകാരുടേയും ശ്രദ്ധയിൽ പെട്ടത്. ജലോപരിതലത്തിൽ പായൽ നിറഞ്ഞു കിടക്കുന്നതിനാൽ സ്വാഭാവികമായ സൂര്യ പ്രകാശത്തെ ഇത് തടയുകയും തന്മൂലം ഇത് സൂഷ്മജലജീവികളുടെ നാശത്തിനും സൂര്യപ്രകാശത്തിന്റെ അഭാവംമൂലം മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിനും അതിന്റെ സ്വാഭാവിക പ്രജനനം ഇല്ലാതാക്കുന്നതിനുമൊപ്പം പ്രകൃതിദത്തമായ പോഷകാംശങ്ങൾ ചോർന്ന് പോകുന്നതിനും ഇടയാക്കുമെന്നും വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നതായും ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങൾ ഇതിന്റെ നാശം അനുഭവിച്ചുവരികയാണെന്നുതുമുൾപ്പെടെ വിശദമായ വിവരങ്ങളാണ് പോസ്റ്റിൽ അടങ്ങിയത്. പോസ്റ്റ് കണ്ട സി.പി.എം തുവയൂർ തുവയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് രാജും സഹപ്രവർത്തകരും ചേർന്ന് ഇന്നലെ കുളം വൃത്തിയാക്കി. തുവയൂർ വടക്ക് ഐക്യമന്ദിരത്തിൽ സന്തോഷ് കുമാർ - അശ്വതി ദമ്പതികളുടെ മകനാണ് അക്ഷയ് കുമാർ. മലബാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാലിഡോസ്കോപ്പ് എഡ്യൂക്കേഷണൽ ചാനലിനു വേണ്ടി ചങ്ങലംപരണ്ട എന്ന ഔഷധ സസ്യത്തെ കുറിച്ച് തയാറാക്കിയ ഗവേഷണ പ്രബന്ധവും, പമ്പാ നദിയുടെ മലിനീകരണം സംബന്ധിച്ച് നിർമ്മിച്ച ഡോക്യുമെന്ററിയും സമ്മാനാർഹമായതിന് പുറമെ ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ളവരുടെ പ്രശംസയും ഏറെ സാമൂഹ്യ ശ്രദ്ധയും ഇതിനകം അക്ഷയ് നേടിക്കഴിഞ്ഞു.