തെരുവ് നായ്ക്കൾ ചത്തനിലയിൽ : ഷെൽട്ടർ അടച്ചുപൂട്ടാൻ നിർദേശം

Monday 26 September 2022 12:41 AM IST
കൊക്കാത്തോട്ടിലെ സ്വകാര്യ ഷെൽട്ടറിൽ ചത്ത നായ്ക്കൾ

കോന്നി : കൊക്കാത്തോട്ടിലുള്ള തെരുവ് നായ്ക്കളുടെ ഷെൽട്ടർ അടച്ചുപൂട്ടാൻ അനിമൽ വെൽഫെയർ ബോർഡിന്റെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓഫീസിലെ അനിമൽ വെൽഫെയർ ഓഫീസർ സജന ഫ്രാൻസിസ് നിർദേശം നൽകി. ഷെൽട്ടറിൽ താമസിപ്പിച്ചിരുന്ന നായകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയതിനാൽ കോന്നി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്കാണ് നിർദേശം നൽകിയത്. കോന്നി ഷീജ മൻസിലിൽ അജാസ് ഷെൽട്ടറിൽ തെരുവ് നായ്ക്കളെ എത്തിച്ചിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവിൽ അലയുന്ന നായ്ക്കളെയാണ് പിടികൂടി ഇവിടെയെത്തിച്ചിരുന്നത്. ആകെയുള്ള നൂറോളം നായ്ക്കളിൽ 18 എണ്ണമാണ് ചത്തത്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച പരാതികളെ തുടർന്നാണ് ആനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശം. ഇവിടെ നായ്ക്കൾ ഭക്ഷണം ലഭിക്കാതെ ചാകുന്നതായും ഷെൽട്ടറിന്റെ മറവിൽ വ്യാപകമായി മൃഗസ്നേഹികളിൽ നിന്ന് പണം വാങ്ങുന്നതായും ചൂണ്ടിക്കാട്ടിയാണ് പരാതികൾ അനിമൽ വെൽഫെയർ ബോർഡിൽ ലഭിച്ചത്. അടുത്തിടെ ഓമല്ലൂരിൽ നിന്ന് പിടികൂടിയ പേവിഷബാധ സ്ഥിരീകരിച്ചു ചത്ത നായയെയും മൃഗസംരക്ഷണ വകുപ്പ് ഇവിടയാണ് എത്തിച്ചത്. മയക്കുമരുന്ന് നൽകിയ ശേഷം എത്തിച്ച നായ ചാകുകയായിരുന്നു. നിയമാനുസരണമല്ലാതെ പ്രവർത്തിക്കുന്ന ഷെൽട്ടർ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് നേരത്തെ വസ്തു ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.