പത്തനംതിട്ട ട്രാൻ.സ്റ്രാൻഡിൽ ബൈക്ക് മോഷ്ടാക്കൾ
പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡിലും പരിസരത്തും മോഷ്ടാക്കൾ യഥേഷ്ടം വിലസുകയാണ്. ജീവനക്കാരുടെയടക്കം ബൈക്കുകൾ ഇവിടെ നിന്ന് മോഷണം പോയി. രണ്ടാഴ്ചമുമ്പ് പത്തനംതിട്ട ഡിപ്പോയിലെ ഒരു ഡ്രൈവറുടെ ബൈക്ക് അപഹരിച്ചു. രണ്ട് ദിവസം മുമ്പ് റാന്നി സ്വദേശിയായ കണ്ടക്ടറുടെ വാഹനവും മോഷണംപോയി. നഗരമദ്ധ്യത്തിൽ മോഷ്ടാക്കൾ കവർച്ച തുടരുമ്പോഴും പൊലീസ് നിഷ്ക്രിയമാണെന്ന് ആക്ഷേപമുണ്ട്.
ഡിപ്പോയിൽ സെക്യൂരിറ്റി ഗാർഡുകൾ ഇല്ല
പത്തനംതിട്ട ഡിപ്പോയിൽ സെക്യൂരിറ്റി ഗാർഡുകൾ കുറവാണ്. മുമ്പ് നാല് ഗാർഡുകൾ ഇവിടുണ്ടായിരുന്നു. ജീവനക്കാരുടെ പരിഷ്കരണം വന്നപ്പോൾ ഇവരിൽ പലരെയും പിരിച്ചുവിട്ടു. ഇപ്പോൾ പകൽ ഒരു ഗാർഡ് മാത്രമാണ് സ്റ്റാൻഡിലുള്ളത്. ഇവിടെ സി.സി.ടി.വി കാമറകളുമില്ല. പകൽ ഒരു സെക്യുരിറ്റി ഗാർഡ് മാത്രമാണിവിടെയുള്ളത്. രാത്രിയായാൽ യാതൊരു സുരക്ഷയും ഇല്ല.
സാമൂഹ്യ വിരുദ്ധരുടെ ശല്യവും
രാത്രിയിൽ സ്റ്റാൻഡിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഭിക്ഷാടനം നടത്തുന്നവർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് രാത്രി കിടന്നുറങ്ങുന്നത്. ആഹാരം കഴിക്കാനും മദ്യപിക്കാനുമടക്കം നിരവധിപേർ ഇവിടെയെത്തുന്നുണ്ട്.
പട്രോളിംഗില്ല , പൊലീസ് എയ്ഡ് പോസ്റ്റില്ല
രാത്രിയിൽ പൊലീസ് പട്രോളിംഗ് കുറവായതിനാൽ മോഷ്ടാക്കൾ ഭയമില്ലാതെ ഇറങ്ങി നടക്കുകയാണ്. തക്കം കിട്ടുമ്പോൾ അവർ വാഹനങ്ങളുമായി കടന്നുകളയും. രാത്രിയിൽ കടകൾ അടച്ചാൽ പിന്നീട് ആരും തന്നെയുണ്ടാകില്ല റോഡിൽ. അതുകൊണ്ട് തന്നെ വാഹനം കടത്താൻ മോഷ്ടാക്കൾക്ക് അനായാസം സാധിക്കും. പൊലീസ് എയ്ഡ് പോസ്റ്റും ഇവിടെ പ്രവർത്തിക്കുന്നില്ല.