അഴിമതിയും ഭീകരവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുന്നു: ജെ.പി.നദ്ദ

Sunday 25 September 2022 11:50 PM IST

 കേന്ദ്രം വാരിക്കോരി നൽകുന്നത് കേരളം ധൂർത്തടിക്കുന്നു

കോട്ടയം: കേരളത്തിൽ തീവ്രവാദികൾ അഴിഞ്ഞാടുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ കുറ്റപ്പെടുത്തി. കോട്ടയം നാഗമ്പടത്ത് നിർമ്മിച്ച ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും ഭീകരവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണ്. ഇതിന് അറുതിവരുത്താൻ ബി.ജെ.പി അധികാരത്തിലെത്തണം.

മുഖ്യമന്ത്രിയുടെ ഓഫീസുപോലും അഴിമതിയിൽ നിന്ന് മുക്തമല്ല. സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. കേന്ദ്രസർക്കാർ വാരിക്കോരി സഹായിക്കുമ്പോൾ അതെല്ലാം ധൂർത്തടിച്ച് കേരളത്തെ കടക്കെണിയിലാക്കുകയാണ് സർക്കാർ. കേരളത്തിൽ തീവ്രവാദത്തെ അടിച്ചമർത്താൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. 1951ൽ ബി.ജെ.പി പറഞ്ഞതാണ് കാശ്മീരിനെ രക്ഷിക്കുമെന്ന്. 2019ൽ മോദിയും അമിത്ഷായും ചേർന്ന് അത് നടപ്പാക്കി. ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു പതാക എന്ന നിലയിലേയ്ക്ക് എത്തി.

തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുമായാണ് ബി.ജെ.പിയുടെ മത്സരം. അതെല്ലാം കുടുംബ പാർട്ടികളാണ്. ബി.ജെ.പി,​ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. പ്രവർത്തകർ ജീവൻ ത്യജിച്ചാണ് ബി.ജെ.പിയെ കേരളത്തിൽ വളർത്തിയത്. 10 വർഷം മുമ്പ് നല്ല ഓഫീസുകൾ പാർട്ടിക്ക് സംസ്ഥാനത്ത് ഇല്ലായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ നിർദ്ദേശം നൽകിയതാണ് ആധുനിക ജില്ലാ, സംസ്ഥാന കമ്മിറ്റി ഓഫീസുകൾ വേണമെന്ന്. ഇന്ന് രാജ്യത്ത് 512 ജില്ലാ കമ്മിറ്റി ഓഫീസുകൾ നിർമിച്ചതിൽ 230 എണ്ണത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ,​ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്,​ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്ര ദർശനം നടത്തി

ചന്ദന കളർ ഷർട്ടും കസവുമുണ്ടും നേര്യതും ധരിച്ച് ചടങ്ങിനെത്തിയ ജെ.പി.നദ്ദ,​ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയ തേൻമാവിൻ ചുവടും സന്ദർശിച്ചു. ക്ഷേത്രത്തിൽ പ്ളാവിൻതൈ നട്ടു.