സ്വാമി ബോധാനന്ദ സാമൂഹ്യവിപ്ലവത്തിന്റെ തീജ്വാല: സ്വാമി സച്ചിദാനന്ദ
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അനന്തരഗാമിയായിരുന്ന സ്വാമി ബോധാനന്ദ സാമൂഹിക വിപ്ലവത്തിന്റെ തീജ്വാലയായിരുന്നുവെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.സ്വാമി ബോധാനന്ദയുടെ 95-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിൽ ബോധാനന്ദ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി ബോധാനന്ദ സ്ഥാപിച്ച ധർമ്മഭടസംഘം കൊച്ചി - മലബാർ ദേശങ്ങളിൽ സഞ്ചാരത്തിനും ക്ഷേത്രപ്രവേശനത്തിനും പൊതുകിണറ്റിൽ നിന്ന് വെള്ളം കോരാനും പൊതുകുളങ്ങളിൽ കുളിക്കാനും സ്വാതന്ത്ര്യമുണ്ടാക്കി. അക്കാലത്ത് 10 ലക്ഷം രൂപ സമാഹരിച്ച് സ്വാമി ആരംഭിച്ച കൊച്ചിൻ നാഷണൽ ബാങ്ക് ചരിത്ര സംഭവമാണ്. ശ്രീനാരായണ സമൂഹത്തിന്റെ അവശത ഇല്ലാതാകാൻ ശ്രീനാരായണ മതം വേണമെന്ന് വാദിച്ചു. മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ള ഒട്ടേറെ വിപ്ലവകരമായ പ്രവർത്തനങ്ങൾ സ്വാമി ബോധാനന്ദ സമൂഹത്തിന് നൽകിയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. യോഗത്തിൽ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ഹംസതീർത്ഥ, സ്വാമി വിരജാനന്ദ എന്നിവർ സംബന്ധിച്ചു. സ്വാമിയുടെ മഹാസമാധി സമയമായ പുലർച്ചെ 3.30 ന് മഹാപരിനിർവ്വാണ പൂജയും മഹാപ്രസാദ വിതരണവും നടന്നു. ശാരദാമഠത്തിലും വൈദികമഠത്തിലും സമാധി മന്ദിരത്തിലും വിശേഷാൽപൂജയും ബോധാനന്ദ സ്വാമി സമാധിയിൽ കലശാഭിഷേകവും നടന്നു.
ക്യാപ്ഷൻ: ശിവഗിരി മഠത്തിൽ നടന്ന ബോധാനന്ദ സ്വാമി സ്മൃതി സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി ഹംസ തീർത്ഥ, സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ സമീപം