കെ.എസ്.ആർ.ടി.സിക്ക്  കണ്ടക്ടറില്ലാ ബസ് ,​ റൂട്ട് തിരുവനന്തപുരം- എറണാകുളം,​ ടിക്കറ്റ്  നേരത്തേ എടുക്കണം

Monday 26 September 2022 12:06 AM IST

തിരുവനന്തപുരം: കണ്ടക്ടറും ഇല്ല, ബസിൽ ടിക്കറ്റ് കിട്ടുകയും ഇല്ല. ഓൺലൈനിലോ, ഡിപ്പോയിൽ നിന്നോ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യാൻ കഴിയുന്ന അതിവേഗ ദീർഘദൂര സർവീസ് ഇന്നുമുതൽ കെ. എസ്.ആർ.ടി.സി തുടങ്ങുകയാണ്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചും ഒരു സർവീസാണ് തുടക്കത്തിൽ നടത്തുന്നത്. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ഒരു മിനിട്ട് നിർത്തി യാത്രക്കാരെ കയറ്റും. എൻഡ് ടു എൻഡ് സർവീസെന്നാണ് പേര്.

കർണാടക,​ ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൗൺ ടു ടൗൺ സർവീസിനെ അനുകരിച്ചാണിത്.

വൈകാതെ തിരുവനന്തപുരം- കൊല്ലം, തിരുവനന്തപുരം- ആലപ്പുഴ, കോഴിക്കോട്- കാസർകോട്, കോഴിക്കോട്- മാനന്തവാടി സർവീസുകളും ആരംഭിക്കും.

പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡിലും ഫീഡർ സ്റ്റേഷനുകളിലും ടിക്കറ്റുകൾ വാങ്ങാം. ഓൺലൈൻ ബുക്കിംഗിന് www.online.keralartc.com

ടിക്കറ്റ് Rs.408

തിരുവനന്തപുരത്ത് നിന്നു രാവിലെ 5.10ന് പുറപ്പെടും. 9.40ന് എറണാകുളത്ത് എത്തും. വൈകിട്ട് 5.20ന് എറണാകുളത്ത് നിന്നു പുറപ്പെട്ട് 9.50ന് തിരുവനന്തപുരത്ത് എത്തും. 408 രൂപയാണ് ടിക്കറ്റ് നിരക്ക്.