മ്യൂസിക് ഷോയിൽ നിന്ന് പുറത്താക്കി, യുവാവിനെ കുത്തിക്കൊന്നു  പ്രതിക്കും സുഹൃത്തിനുമായി തെരച്ചിൽ

Monday 26 September 2022 12:26 AM IST

കൊച്ചി: യുവതിയെ ശല്യം ചെയ്തതിന് മ്യൂസിക് ലേസർ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവ് ഷോയുടെ ലൈറ്റിംഗ് യൂണിറ്റിലെ ജീവനക്കാരനെ സഹപ്രവർത്തകരുടെ മുന്നിലിട്ട് കുത്തിക്കൊന്നു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന മട്ടാഞ്ചേരി പനയപ്പിള്ളി അമ്മൻകോവിൽ റോഡിൽ ചെല്ലമ്മ വീട്ടിൽ രാജേഷ് രാധാകൃഷ്ണനാണ് (28) കൊല്ലപ്പെട്ടത്. പ്രതി കാസർകോട് പുത്തിഗെ കട്ടത്തടുക്ക രാഹിൽ മൻസിലിൽ മുഹമ്മദ് ഹസനും ഇയാൾക്കൊപ്പം ബൈക്കിലെത്തിയ യുവാവും കർണാടകയിലേക്ക് കടന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 12.15നായിരുന്നു സംഭവം.

സ്റ്റേഡിയത്തോടു ചേർന്ന് നടത്തിയ 'വോൾഫ് ഇവന്റ് 'എന്ന മ്യൂസിക് ലേസർ ഷോയ്ക്കിടെ മുഹമ്മദ് ഹസൻ പരിപാടി കാണാനെത്തിയ യുവതിയോട് മോശമായി പെരുമാറി. ഷോയുടെ ലൈറ്റിംഗ് ഏറ്റെടുത്തിരുന്ന 'പോർട്ട് ലീഫി'ന്റെ ജീവനക്കാരനായ രാജേഷ് ഇത് ചോദ്യം ചെയ്തു. വിഷയം സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെ രാത്രി എട്ടരയോടെ മുഹമ്മദ് ഹസനെ പരിപാടിയിൽ നിന്ന് പുറത്താക്കി.

ഷോ കഴിഞ്ഞ് 12ഓടെ ലൈറ്രുകളും മറ്റും അഴിച്ചുമാറ്റുന്നതിനിടെ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ മുഹമ്മദ്, രാജേഷുമായി വാക്കുതർക്കവും അടിപിടിയുമായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് രാജേഷിനെ പലവട്ടം കുത്തിയശേഷം സ്ഥലംവിട്ടു. സഹപ്രവർത്തകർ രാജേഷിനെ കലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 5.30ന് മരിച്ചു. വയറിൽ മൂന്നും കൈയിൽ ഒരു കുത്തുമേറ്റിരുന്നു.

പാലാരിവട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മ്യൂസിക് ഷോയുടെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ ചിത്രമെടുത്തു. ലോഡ്ജുകളിലും ഓട്ടോ സ്റ്രാൻഡുകളിലും നടത്തിയ തെരച്ചിലിൽ ചിത്രം ഒരു ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞു. തുടർന്ന്, മുഹമ്മദ് ഹസൻ താമസിക്കുന്ന ആലുവയിലെ ഫ്ലാറ്റ് പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. മൊബൈൽ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സുഹൃത്തും വയനാട്ടിലേക്കും അവിടെ നിന്ന് കർണാടകയിലേക്കും കടന്നതെന്ന് പൊലീസിന് വ്യക്തമായത്.

രാജേഷിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേ‌ജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അവിവാഹിതനാണ്. മാതാവ് മാത്രമാണുള്ളത്.