യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Monday 26 September 2022 12:27 AM IST

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആക്കോണം പ്ലാവിള പുത്തൻവീട്ടിൽ കിഷോർ എന്ന് വിളിക്കുന്ന ഹരികൃഷ്ണൻ(34) ആണ് അറസ്റ്റിലായത്. അടൂർ പഴകുളം വൈഷ്ണത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകൾ ലക്ഷ്മിയുടെ (25) മരണത്തിലാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണാകുറ്റമാണ് ഹരികൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

ഒരു വർഷം മുമ്പാണ് ലക്ഷ്മിയും ഹരികൃഷ്ണനും വിവാഹിതരായത്.

തുടർന്ന് ഒരു മാസം കഴിഞ്ഞ് ഹരികൃഷ്ണൻ വിദേശത്തേക്ക് പോയി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മടങ്ങിയെത്തിയത്. അന്ന് തന്നെയാണ് ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.45 ഓടെയാണ് ഹരികൃഷ്ണൻ വീട്ടിലെത്തിയത്. മുകളിലത്തെ നിലയിലെത്തി വിളിച്ചിട്ടും ലക്ഷ്മി വാതിൽ തുറന്നില്ലെന്ന് പറഞ്ഞ് ഹരികൃഷ്ണൻ ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി. അവർ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോൾ ലക്ഷ്മി മരിച്ച നിലയിലായിരുന്നു.

എന്നാൽ,​ ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഹരികൃഷ്ണൻ വിളിച്ചതറിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഹരികൃഷ്ണന്റെ ബന്ധുക്കളെല്ലാം ഉണ്ടായിരുന്നതായും അടൂരിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം മാറ്റിയാൽ മതിയെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ കേട്ടില്ലെന്നും ലക്ഷ്മിയുടെ രമ പറഞ്ഞു. ഹരികൃഷ്ണന്റെ അമ്മയും സഹോദരിമാരും ഈ വീട്ടിലായിരുന്നു താമസം.

ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണൻ അറസ്റ്റിലായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ലക്ഷ്മിയുടെ മൃതദേഹം അടൂർ പഴകുളത്താണ് സംസ്കരിച്ചത്.

പൊലീസ് പറയുന്നത് :

ഈമാസം 17, 18 തീയതികളിൽ ഹരികൃഷ്ണനും ലക്ഷ്മിയും തമ്മിൽ ഫോണിൽ വാക്കേറ്റം ഉണ്ടായി. ഇതിന് ശേഷവും ലക്ഷ്മി തുടർച്ചയായി വിളിച്ചെങ്കിലും ഹരികൃഷ്ണൻ ഫോൺ എടുത്തില്ല. പിന്നീട് ഫോൺ ബ്ലോക്ക് ചെയ്യുകയും ചെയ്തു. നാട്ടിലെത്തി വാതിൽ തുറക്കാതിരുന്നപ്പോൾ തന്നെ ലക്ഷ്മി ആത്മഹത്യ ചെയ്തിരിക്കാമെന്ന് ഹരികൃഷ്ണന് തോന്നിയിരിക്കാമെന്ന് ചടയമംഗലം പൊലീസ് പറഞ്ഞു. അതുകൊണ്ടാകാം അടൂരിൽ നിന്ന് ലക്ഷ്മിയുടെ അമ്മ വരുന്നത് വരെ മൂന്ന് മണിക്കൂറോളം കാത്തിരുന്ന ശേഷം വാതിൽ ചവിട്ടി തുറന്നത്. വൻതുകയും സ്വർണവും സ്ത്രീധനമായി നൽകിയാണ് ലക്ഷ്മിയെ വിവാഹം കഴിപ്പിച്ചത്. ഇതിൽ വലിയൊരു പങ്ക് സ്വർണം പണയംവച്ചിരുന്നു. ഇതിനെ ചൊല്ലിയാകാം ഇരുവരും വഴക്കുണ്ടായതെന്നാണ് നിഗമനം. ചടയമംഗലത്തെ വീട്ടിൽ ഹരികൃഷ്ണന്റെ അപ്പച്ചിമാർക്കൊപ്പമാണ് ലക്ഷ്മി താമസിച്ചിരുന്നത്. അഞ്ചാലുംമൂട്ടിലുള്ള ഒരു അപ്പച്ചിയുടെ വീട്ടിലും ലക്ഷ്മി ഇടയ്ക്ക് താമസിച്ച് പഠിച്ചിരുന്നു. അഞ്ചാലുംമൂട്ടിലെ ഒരു ബാങ്കിലാണ് സ്വർണം പണയത്തിലുള്ളതെന്നും പൊലീസ് പറഞ്ഞു.