കാർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു

Monday 26 September 2022 12:28 AM IST

പത്തനംതിട്ട : മദ്യലഹരിയിൽ യുവാവ് ഒാടിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കൈപ്പട്ടൂർ മൂന്നാംകലുങ്ക് ഞാറക്കൂട്ടത്തിൽ ജയിംസ് (61) ആണ് ഇന്നലെ വൈകിട്ട് 3.30ന് കൈപ്പട്ടൂർ - ചന്ദനപ്പള്ളി റോഡിൽ മൂന്നാം കലുങ്ക് വെയിറ്റിംഗ് ഷെഡിന് സമീപം നടന്ന അപകടത്തിൽ മരിച്ചത്. അമിതവേഗതയിൽ വന്ന ആൾട്ടോ കാർ ജയിംസിനെ ഇടിച്ചിട്ട ശേഷം സമീപത്തെ കലുങ്കിൽ തട്ടി എതിരെ ബൈക്കിൽ എത്തിയ പാലക്കാട് സ്വദേശി ഷിജുവിനെയും ഇടിച്ചു തെറിപ്പിച്ചു. റോഡിന് സമീപമുണ്ടായ മറ്റൊരു ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ചാണ് കാർ നിന്നത്. ഷിജുവിന് കാര്യമായ പരിക്കില്ല. മലയാലപ്പുഴ സ്വദേശി രതീഷ്, പട്ടാഴി സ്വദേശിനി അർച്ചന എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. രതീഷിനെയും അർച്ചനയേയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷ് മിൽമ തട്ട യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. അർച്ചന തട്ട മിൽമയിലെ താൽക്കാലിക ജീവനക്കാരിയാണ്. മൂന്നാം കലുങ്കിൽ വർഷങ്ങളായി ചായക്കട നടത്തുകയായിരുന്നു ജയിംസ്. ജയിംസിന്റെ ഭാര്യ: കുഞ്ഞുമോൾ.