എസ്.എൻ.ഡി.പി യോഗം നേതൃക്യാമ്പ് 28 മുതൽ മൈസൂരിൽ, വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും
കോട്ടയം: എസ്.എൻ.ഡി.പി യോഗം നേതൃക്യാമ്പ് ഈ മാസം 28 മുതൽ 30വരെ മൈസൂരിൽ ഹോട്ടൽ റിയോ മെറിഡിയനിൽ നടക്കുമെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതടക്കമുള്ള വിവിധ സാമൂഹ്യ പദ്ധതികളുടെ രൂപരേഖയും ക്യാമ്പിൽ അവതരിപ്പിക്കും. വിദേശത്ത് നിന്നടക്കം 400 ഓളം പ്രതിനിധികൾ പങ്കെടുക്കും.
28ന് ഉച്ചയ്ക്ക് 1.30ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിക്കും. യോഗം നിയമാവലിയെക്കുറിച്ച് അഡ്വ.സിനിൽ മുണ്ടപ്പള്ളിയും, യോഗവും ആനുകാലിക രാഷ്ട്രീയവും എന്ന വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കറും ക്ളാസ് നയിക്കും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദിയും പറയും. തുടർന്ന് കലാപരിപാടികൾ.
29ന് രാവിലെ ജനറൽ സെക്രട്ടറിയുടെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എൻ.അശ്വവത് നാരായണൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിക്കും. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും. തുഷാർ വെള്ളാപ്പള്ളി സ്വാഗതവും അരയാക്കണ്ടി സന്തോഷ് നന്ദിയും പറയും. 2ന് ഡോ.ബിനു കണ്ണന്താനത്തിന്റെ മോട്ടിവേഷൻ ക്ളാസ്. 4.30ന് എസ്.എൻ.ഡി.പി യോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി.മൻമഥന്റെ ക്ളാസ്.
30ന് രാവിലെ 9ന് ക്യാമ്പ് അവലോകനം. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മറുപടി പ്രസംഗം. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്യാമ്പ് സന്ദേശം നൽകും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.