ഏറനാടൻ മണ്ണിന്റെ പോരാട്ടവീര്യം: ആന്റണി

Monday 26 September 2022 12:38 AM IST

തിരുവനന്തപുരം: പ്രസ്ഥാനത്തിന്റെ ആദർശങ്ങൾക്ക് വേണ്ടി പോരാടിയ ശരിയായ കോൺഗ്രസുകാരനായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു.

വർഗ്ഗീയത കേരളത്തിൽ വർദ്ധിച്ചു വരവെ,. മതേതരത്വത്തിന് വേണ്ടി ജീവിതാവസാനം വരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു ആര്യാടൻ. ഏറനാടൻ മണ്ണിന്റെ പോരാട്ടവീര്യമായിരുന്നു അദ്ദേഹത്തിലുള്ളത്. മതേതരത്വത്തിനെതിരെ ഉയരുന്ന എല്ലാ വെല്ലുവിളികളെയും ചെറുക്കാൻ അദ്ദേഹം ശ്രമിച്ചു. ഭൂരിപക്ഷ വർഗ്ഗീയതെയും ന്യൂനപക്ഷ വർഗീയതയെയും ഒരു പോലെ എതിർത്തു. ഒരു വിധ ലാഭനഷ്ടങ്ങളും നോക്കിയില്ല. ഭൂരിപക്ഷ മത തീവ്രവാദത്തെയും ന്യൂനപക്ഷ മതതീവ്രവാദത്തെയും അദ്ദേഹം അവസാനം വരെ എതിർത്തിട്ടുണ്ട്. ബഹുസ്വരത, മതസൗഹാർദ്ദം അതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിത്തറ.

ആദ്യകാലത്ത് നിലപാടുകളുടെ പേരിൽ അപമാനിതനായിട്ടുണ്ട്. എങ്കിലും പിന്നോട്ടു പോയിട്ടില്ല. അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. കോൺഗ്രസിനെ അദ്ദേഹത്തിന്റെ പാതയിൽ ഉറപ്പിച്ചു നിറുത്താൻ കേരളത്തിൽ ഏറ്റവും വലിയ പോരാട്ടം നടത്തിയിട്ടുള്ള വ്യക്തിയാണ് ആര്യാടൻ.. കോൺഗ്രസിന്റെ എല്ലാ പോരാട്ടങ്ങളിലും അദ്ദേഹം മുൻപന്തിയിലായിിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരിക്കുമ്പോഴും, തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്നു. പോരാളിയായിരുന്നെങ്കിലും ഒരിക്കലും രക്തച്ചൊരിച്ചിലിന്റെ ആളായിരുന്നില്ല.കോൺഗ്രസ് പ്രവർത്തകർ ഏതെങ്കിലും വിധത്തിലുള്ള അക്രമം കാട്ടിയാൽ സ്വകാര്യമായി ശാസിക്കുമായിരുന്നു.

കർഷകത്തൊഴിലാളി പെൻഷന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദാണ്. നായനാർ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് അദ്ദേഹം ഇത് നടപ്പാക്കിയത്. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ മലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ ആദ്യമായി നടപടി സ്വീകരിച്ചു. . അട്ടപ്പാടി പോലുള്ള ആദിവാസി ഗ്രാമങ്ങളിൽ ആദ്യം വൈദ്യുതി എത്തിയത് ആര്യാടന്റെ കാലത്താണ്. ഏറ്റെടുത്ത എല്ലാ വകുപ്പുകളിലും കാര്യപ്രാപ്തി തെളിയിച്ചു. ഉദ്യോഗസ്ഥരെ സ്നേഹിച്ച് ഒപ്പം കൊണ്ടു നടക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു,. കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രി. നിയമസഭയിൽ ചോദ്യങ്ങൾ കൊണ്ട് അദ്ദേഹത്തെ കുഴപ്പത്തിലാക്കാൻ ആർക്കും സാധിച്ചില്ല. എ.കെ.എന്നായിരുന്നു എന്നെ വിളിക്കാറ്. തന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ ബോദ്ധ്യപ്പെടുത്തൽ എപ്പോഴും നടത്താറുളളത് ആര്യാടനായിരുന്നുവെന്നും ആന്റണി അനുസ്മരിച്ചു.