മതേതരവാദിയായ നേതാവ്: കെ. സുധാകരൻ

Monday 26 September 2022 12:58 AM IST

കോൺഗ്രസ് വികാരം നെഞ്ചോടു ചേർത്ത് പ്രവർത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ കോൺഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതത്തിനാണ് വിരാമമായത്.

അഗാധമായ അറിവും രാഷ്ട്രീയ നിലപാട് തന്റേടത്തോടെ ആരുടെ മുമ്പിലും പറയാനുള്ള ധൈര്യവുമാണ് മറ്റുള്ള നേതാക്കളിൽ നിന്നും ആര്യാടനെ വ്യത്യസ്തനാക്കിയത്. കോൺഗ്രസിന്റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്‌ക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. യുവജന, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് എന്നും ആവേശം പകർന്ന, സാധാരണക്കാരുടെ നേതാവായി വളർന്ന വ്യക്തിയാണ്. ജനം അതിനു നൽകിയ അംഗീകാരമായിരുന്നു നിലമ്പൂരിൽ നിന്നും എട്ടുതവണ നിമയസഭയിലേക്ക് അയച്ചത്. കഷ്ടപ്പെടുന്ന ജനവിഭാഗത്തിനു വേണ്ടി എന്നും നിലകൊണ്ട നേതാവ് കൂടിയായിരുന്നു. മികച്ച ഭരണകർത്താവും സാമാജികനുമായിരുന്നു.

തൊഴിൽവകുപ്പ് മന്ത്രിയായിരിക്കെ തൊഴിൽ രഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. മലബാർ മേഖലയിൽ കോൺഗ്രസിനെ പടുത്തുയർത്തുന്നതിൽ ആര്യാടന്റെ പങ്ക് വളരെ വലുതാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ആര്യാടൻ ഒഴിച്ചിട്ട ഇടം ആർക്കും നികത്താൻ സാധിക്കില്ല.