ആര്യാടനോട് ആരാധന, സ്നേഹം : മുല്ലപ്പള്ളി

Monday 26 September 2022 1:00 AM IST

കോഴിക്കോട്: മലബാറിലെ കോൺഗ്രസിന്റെ ശക്തനായ നേതാവ് ആര്യാടൻ മുഹമ്മദ് പോരാട്ടം അവസാനിപ്പിച്ച് മടങ്ങുമ്പോൾ, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓർമകൾ

പായുന്നത് അരനൂറ്റാണ്ട് പിറകിലേക്ക്. കോഴിക്കോട് ഓയിറ്റി റോഡിലെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെയും, അവിടത്തെ മര ബെഞ്ചിന്റെയും, പാതിരാത്രിയിൽ അതിൽ ക്ഷീണിച്ച് കിടന്നുറങ്ങുന്ന കഠിനാദ്ധ്വാനിയായ കോൺഗ്രസ് നേതാവിന്റെയും ചിത്രം മനസിൽ.പകലന്തിയോളം തൊഴിലാളികൾക്കൊപ്പം അവരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമായുള്ള പോരാട്ടങ്ങളും ,പാർട്ടി പൊതുയോഗങ്ങളുമെല്ലാം കഴിഞ്ഞെത്തുന്ന അന്നത്തെ ഡി.സി.സി സെക്രട്ടറിയോട് തനിക്ക് വലിയ ആരാധനയായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.

1966ൽ കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന കാലം മുതൽ അടുത്ത ബന്ധമാണ് ആര്യാടനുമായി തനിക്കുണ്ടായിരുന്നത്. രാഷ്ട്രീയ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തിരഞ്ഞെടുപ്പ് ഗോദയിൽ പരസ്പരം ഏറ്റുമുട്ടേണ്ടി വന്നപ്പോഴും സ്നേഹ ബന്ധത്തിന് കുറവുണ്ടായില്ല. 1980ൽ നിലമ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആര്യാടനെതിരെ, ഇന്ദിരാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചു. ആര്യാടന്റെ തട്ടകത്തിൽ കടുത്ത പോരാട്ടം കാഴ്ച വച്ചെങ്കിലും വിജയം ആര്യാടനായിരുന്നു. പരാജയമറിയാത്ത ആര്യാടന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കുതിപ്പ് തുടങ്ങുന്നത് അവിടെ നിന്നാണ്. അന്ന് ഇടതുമുന്നണിക്കൊപ്പം വിജയിച്ച ആര്യാടൻ, പിന്നീട് ഐക്യമുന്നണിക്കൊപ്പം 2011 വരെ വിജയക്കുതിപ്പ് തുടർന്നു.

കഷ്ടപ്പാടും പ്രയാസവും അനുഭവിച്ച് മലയോരത്തെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച ആര്യാടൻ, മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ധീരനായ വക്താവായിരുന്നു . തന്നെപ്പോലെ , സി.കെ. ഗോവിന്ദൻ നായരുടെ ആരാധകനായിരുന്നു. എല്ലാത്തരം വർഗീയതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ ഏറെ പിന്തുണ നൽകിയിരുന്നു. പല കാര്യങ്ങളിലും സമാന മനസ്കരായിരുന്നു. സ്വയാർജിത സ്കോളറാണ് ആര്യാടൻ മുഹമ്മദ്. മികച്ച പാർലമെന്റേറിയനും മന്ത്രിയുമായി . തൊഴിലില്ലായ്മ വേതനം നടപ്പാക്കി രാജ്യത്തിന് മാതൃകയായി. ആശയവ്യക്തതയും സാധാരണക്കാരന് മനസിലാവുന്ന ഭാഷയും കഠിനാദ്ധ്വാനവും ധീരതയുമായിരുന്നു കരുത്ത്.

മുസ്ലിം ലീഗുമായി ആശയപരമായി പലകാര്യത്തിലും യോജിപ്പുണ്ടായിരുന്നില്ലെങ്കിലും, ഐക്യമുന്നണി സംവിധാനത്തെ നല്ല രീതിയിൽ മുന്നോട്ടുനയിക്കാൻ സാധിച്ചിരുന്നു. എതിർപ്പ് തുറന്നുപറയാൻ മടി കാണിച്ചിരുന്നില്ല. ജീവിതത്തിലും രാഷ്ട്രീയത്തിലും നേരിട്ട വെല്ലുവിളികളിൽ കുലുങ്ങാത്ത അതികായകനായിരുന്നു ആര്യാടനൻ- മുല്ലപ്പള്ളി ഓർത്തെടുത്തു.

Advertisement
Advertisement