ആര്യാടൻ എന്ന രാവണൻ
പത്ത് തലയുള്ള രാവണനെന്ന് ആര്യാടൻ മുഹമ്മദിന്റെ കുശാഗ്രബുദ്ധിയെ വിശേഷിപ്പിക്കാം. കോൺഗ്രസിൽ സാക്ഷാൽ ലീഡർ കെ. കരുണാകരനെ മലർത്തിയടിക്കാൻ എ ഗ്രൂപ്പിനെ ഒരുകാലത്ത് പ്രാപ്തമാക്കിയത് ആര്യാടന്റെ ബുദ്ധിയാണെന്ന് കരുണാകരൻ തന്നെ അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്. അതിന് ആര്യാടന്റെ മറുപടി, 'നമ്മളെല്ലാവരും ചേരുന്ന ബുദ്ധിയെയും മറി കടക്കുന്ന കൂർമ്മബുദ്ധിയാണ് ലീഡർ' എന്നാണ്.
പാർലമെന്ററി രാഷ്ട്രീയത്തിൽ ആര്യാടന് സമം ആര്യാടൻ എന്നതായിരുന്നു ഒരുകാലത്തെ സ്ഥിതി. നിയമസഭയിൽ നിയമ നിർമാണഘട്ടങ്ങളിൽ ആര്യാടന്റെ സാന്നിദ്ധ്യത്തെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥർ ഭയ, ബഹുമാനങ്ങളോടെ നോക്കിനിന്നു. ആര്യാടൻ എഴുന്നേൽക്കുമ്പോൾ, മന്ത്രിമാർക്ക് നിയമോപദേശം പറഞ്ഞ് കൊടുക്കുന്ന സെക്രട്ടറിമാരുടെ ഉള്ളം കാളും. ഏത് നിയമ നിർമാണത്തിലും ആര്യാടന്റേത് ഒന്നൊന്നര ക്രമപ്രശ്നമായിരിക്കും. നിയമസഭയുടെ ബൈബിളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശക്തർ ആൻഡ് കൗൾ എന്ന ഗ്രന്ഥത്തിന്റെ മുക്കും മൂലയും കാണാപ്പാഠം.
ധനകാര്യ ചർച്ചകളിലായിരുന്നു ആര്യാടൻ നിയമസഭയിൽ പൂത്തുലഞ്ഞ് ആടിത്തിമിർക്കാറുള്ളത്. എന്നിട്ടും ധനമന്ത്രിപദം അദ്ദേഹത്തെ തേടിയെത്തിയില്ലെന്നത് വൈരുദ്ധ്യം. എട്ട് തവണ തുടർച്ചയായി നിലമ്പൂരിൽ നിന്ന് നിയമസഭാംഗമായ ആര്യാടൻ മുഹമ്മദ് ,അവസാനം ഉമ്മൻ ചാണ്ടി മന്ത്രിസഭാംഗമായിരിക്കെ മാത്രമാണ് അല്പമെങ്കിലും മയപ്പെട്ടതെന്ന് തോന്നുന്നു. സഭയിലെ പ്രതിപക്ഷ നിരയിലാണെങ്കിൽ ചാട്ടുളികൾ പ്രയോഗിക്കുന്നതിൽ ആര്യാടനോളം പോരാൻ ടി.എം. ജേക്കബോ , എൻ.ഐ. ദേവസ്സിക്കുട്ടിയോ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ദീർഘകാലം അദ്ദേഹത്തോടൊപ്പം സഭയിൽ പ്രവർത്തിച്ച നിയമസഭാ മുൻ അഡിഷണൽ സെക്രട്ടറി കെ. മോഹൻകുമാർ പറയുന്നു.
2006-11 കാലം. പ്രതിപക്ഷനിരയിലെ ആര്യാടന്റെ അവസാന ടേമിൽ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷപദവി അദ്ദേഹത്തെ തേടിയെത്തി. നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവുമധികം റിപ്പോർട്ടുകൾ കമ്മിറ്റി സമർപ്പിച്ചത് ഇക്കാലത്താണ്. 172 റിപ്പോർട്ടുകൾ. സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണൻ അതിന് ആര്യാടനെ മുക്തകണ്ഠം പ്രശംസിച്ചു. മാസത്തിൽ നാല് യോഗങ്ങൾ അദ്ദേഹം വിളിച്ചുചേർക്കും. ഉദ്യോഗസ്ഥർ വിറച്ചാണ് യോഗത്തിനെത്തുക. ഗൃഹപാഠം ചെയ്തില്ലെങ്കിൽ പണിയുറപ്പ്. വനംവകുപ്പുമായി ബന്ധപ്പെട്ട ചില കേസുകളിൽ വകുപ്പിന് വേണ്ടി ഹാജരായ ഉദ്യോഗസ്ഥൻ വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് വന്നത്.. അദ്ധ്യക്ഷന്റെ സംശയങ്ങൾക്ക് മുന്നിൽ ഉദ്യോഗസ്ഥൻ പകച്ചു. നാല് കേസുകളും ഒറ്റയടിക്ക് വിജിലൻസിന് വിടാൻ ശുപാർശചെയ്താണ് സമിതി യോഗം പിരിഞ്ഞത്.
നിയമസഭയുടെ
ഗവേഷണകേന്ദ്രം
കേരള നിയമസഭയുടെ ഗവേഷണ കേന്ദ്രമെന്ന് ആര്യാടനെ വിശേഷിപ്പിക്കാം. 1980 മുതലിങ്ങോട്ട് അദ്ദേഹം സഭാംഗമായിരുന്ന കാലത്തെ മുഴുവൻ സഭാരേഖകളും ശക്തർ ആൻഡ് കൗളും നാളിതു വരെയുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടുകളുമെല്ലാം സ്വന്തം പണം മുടക്കി ബയൻഡ് ചെയ്ത് എം.എൽ.എ ഹോസ്റ്റലിലെ മുറിയിൽ അവസാനം വരെയും സൂക്ഷിച്ചു. അവസാന ടേം പൂർത്തിയാക്കി മടങ്ങുമ്പോൾ അതെല്ലാം കെ.പി.സി.സിക്ക് കൈമാറി. ഇന്നത് എം.എൽ.എ ഹോസ്റ്റലിലെ യു.ഡി.എഫിന്റെ നിയമസഭാകക്ഷി ഓഫീസ് മുറിയിലുണ്ട്. ഗവേഷകർക്ക് വഴി കാട്ടാൻ.
ആര്യാടന്റെ നിയമസഭയിലെ ഇടപെടലുകൾ 'ബഡ്ജറ്റ് ചർച്ചയുടെ നാൾവഴികളിലൂടെ' എന്ന പേരിൽ ബൃഹദ്ഗ്രന്ഥമായി തയാറായിക്കഴിഞ്ഞതാണ്. പ്രകാശനം രാഹുൽഗാന്ധിയെക്കൊണ്ട് ചെയ്യിക്കാനായി കാത്തിരിക്കവേയാണ് മരണം വന്നു വിളിച്ചത്. ആ ഗ്രന്ഥവും യു.ഡി.എഫ് നിയമസഭാകക്ഷി മുറിയിലെ ചരിത്രരേഖകളും ഗവേഷണ വിദ്യാർത്ഥികൾക്ക് എക്കാലവും വഴികാട്ടികളായിരിക്കും. അതു വഴി ആര്യാടനും.