കുരീപ്പുഴയിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മാണം ഡിസംബറിൽ

Monday 26 September 2022 1:16 AM IST
കുരീപ്പുഴ ചണ്ടി ഡിപ്പോ

കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ സംസ്ഥാന സർക്കാരിന്റെ വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ നിർമ്മാണം ഡിസംബറിൽ തുടങ്ങും. പ്ലാന്റിന്റെ കരാർ ഏറ്റെടുത്ത ബംഗളൂരു ആസ്ഥാനമായുള്ള സോണാട്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം പദ്ധതിക്ക് ആവശ്യമായ വായ്പയായി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ സമീപിച്ചു.

150 കോടിയാണ് പദ്ധതിയുടെ ഏകദേശ ചെലവ്. ഇതിന്റെ എഴുപത് ശതമാനമാകും വായ്പയായി എടുക്കുക. ബാക്കി തുക കൺസോർഷ്യം സ്വന്തം നിലയിൽ കണ്ടെത്തും. നവംബറിൽ വായ്പ ലഭിച്ച് ഡിസംബറിൽ നിർമ്മാണം തുടങ്ങാമെന്നാണ് കണക്കുകൂട്ടൽ. നിർമ്മാണപുരോഗതി അനുസരിച്ച് സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഗ്രാൻഡ് കമ്പനിക്ക് നൽകും. 30 കോടിയോളം രൂപ ഈയിനത്തിൽ കമ്പനിക്ക് ലഭിക്കും. പ്ലാന്റ് പ്രവർത്തനം തുടങ്ങുമ്പോൾ ഒരു ടൺ മാലിന്യം സംസ്കരിക്കാൻ 3450 രൂപ സർക്കാർ കമ്പനിക്ക് നൽകും. ഇതിന് പുറമേ പ്ലാന്റിൽ മാലിന്യം സംസ്കരിച്ച് ലഭിക്കുന്ന തുകയും കമ്പനിക്കാണ്. 25 വർഷത്തേക്കാണ് സർക്കാരും സ്വകാര്യ കൺസോർഷ്യവും കരാറിൽ ഒപ്പിട്ടിരിക്കുന്നത്.

200 ടൺ മാലിന്യം സംസ്കരിക്കുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചണ്ടി ഡിപ്പോ വളപ്പിലെ 7.5 ഏക്കർ ഭൂമി നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ഡി.സിക്ക് നേരത്തെ കൈമാറിയിരുന്നു.

മാലിന്യം വാതകമാകും

പ്ലാന്റിൽ ജൈവമാലിന്യം സംസ്കരിച്ച് കമ്പ്രസ്ഡ് ബയോഗ്യാസാക്കും. ഇത് വാങ്ങാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും കൺസോർഷ്യവും തമ്മിൽ ധാരണയായിട്ടുണ്ട്. അജൈവ മാലിന്യം ഇവിടെ വച്ച് പൊടിച്ച് കട്ടയുടെ രൂപത്തിലാക്കി കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ പ്ലാന്റിലേക്ക് സംസ്കരണത്തിന് കൈമാറും.

സംസ്കരിക്കുന്നത് 8 തദ്ദേശ

സ്ഥാപനങ്ങളിലെ മാലിന്യം

കൊല്ലം കോർപ്പറേഷന് പുറമേ പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ മുൻസിപ്പാലിറ്റികളിലെയും നഗരസഭയുടെ അതിർത്തിയിലുമുള്ള നാല് തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം പ്ലാന്റിൽ സംസ്കരിക്കും. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ ശേഖരിക്കുന്ന മാലിന്യം കമ്പനിയുടെ ബിന്നിൽ നിക്ഷേപിക്കണം. ഇവിടെ കമ്പനിയുടെ വാഹനമെത്തി മാലിന്യം പ്ലാന്റിലെത്തിക്കും.

 ഒരു ടൺ മാലിന്യത്തിന് 3450 രൂപ സർക്കാർ നൽകും

 ദിവസേന 200 ടൺ മാലിന്യം സംസ്കരിക്കാം

 പ്ലാന്റിന്റെ കാലാവധി 25 വർഷം