കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ്, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Monday 26 September 2022 1:23 AM IST

കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായിട്ടും എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നത് വൈകുന്ന പശ്ചാത്തലത്തിലാണ് കത്തയച്ചത്.

എമിഗ്രേഷൻ പോയിന്റിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കിയതായി ചൂണ്ടിക്കാട്ടി ജൂണിൽ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറിൻ രജിസ്ട്രേഷൻ റീജിണൽ ഓഫീസർ കൊല്ലം പോർട്ട് സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള പരിശോധന പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കൊണ്ടാണ് എമിഗ്രേഷൻ പോയിന്റ് അനുവദിക്കാ‌ത്തതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നേരത്തേയുള്ള വിശദീകരണം. സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് എട്ട് തവണ കത്തയച്ചിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരമുള്ള സൗകര്യങ്ങളാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്.

ക്രൂ ചെയ്ഞ്ചിന് ഏറെ സൗകര്യപ്രദം

എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽ കൊല്ലത്തേക്ക് ആഭ്യന്തര കപ്പലുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയാണ്. അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്തുകിടക്കുന്ന പോർട്ടായതിനാൽ വിദേശ കപ്പലുകൾക്ക് അടക്കം ക്രൂ ചെയ്ഞ്ചിന് കൊല്ലം പോർട്ട് ഏറെ സൗകര്യപ്രദമാണ്. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റില്ലാത്തതിനാൽ വിഴിഞ്ഞം പോർട്ട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ വൻതോതിൽ ക്രൂ ചെയ്ഞ്ചിംഗ് നടക്കുന്നത്. നിലവിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് എമിഗ്രേഷന്റെ താത്കാലിക ചുമതല നൽകിയിട്ടുണ്ട്. എന്നാൽ ശക്തമായ സമ്മർദ്ദം ചെലുത്തിയാലെ പൊലീസ് അതിന് തയ്യാറാകുള്ളു. അതിന് ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.

എമിഗ്രേഷൻ പോയിന്റിനായുള്ള ക്രമീകരണങ്ങൾ

 നാല് എമിഗ്രേഷൻ കൗണ്ടറുകൾ

 കമ്പ്യൂട്ടർ റൂം

 ടോയ്‌ലെറ്റുകൾ

 ഇൻചാർജ് എമിഗ്രേഷൻ ഓഫീസ്

 ട്രെയിനിംഗ്, മീറ്റിംഗ് എന്നിവയ്ക്കുള്ള മൾട്ടി പർപ്പസ് റൂം

 റെക്കാർഡ് റൂം

 യു.പി.എസ്, സെർവർ റൂം

 തടസമില്ലാതെ വൈദ്യുതി

Advertisement
Advertisement