പയ്യനെടം ഗവ.എൽ.പി സ്‌കൂളിന് കളിസ്ഥലം വേണം; പണക്കുടുക്കയിൽ ശേഖരിക്കുന്നത് കുരുന്നു സ്നേഹം

Monday 26 September 2022 2:12 AM IST
ഗ്രൗണ്ട്

മണ്ണാർക്കാട്: മിഠായി വാങ്ങിക്കോ... എന്നുപറഞ്ഞ് അച്ഛനുമമ്മയും കൊടുക്കുന്ന നാണയത്തുട്ടുകളെല്ലാം സ്വരുക്കൂട്ടിവെക്കുകയാണ് പയ്യനെടം ജി.എൽ.പി സ്‌കൂളിലെ കുരുന്നുകൾ. സ്‌കൂളിൽ ഓടിക്കളിക്കാനായി ഒരുതുണ്ട് ഭൂമി സ്വന്തമാക്കുകയാണ് ലക്ഷ്യം. മൂന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ആകെയുള്ളത് രണ്ടരസെന്റ് കളിസ്ഥലമാണ്. സ്ഥലം വാങ്ങാനുള്ള ഭീമമായ തുകയാണ് വർഷങ്ങളായി ഉയരുന്ന കളിസ്ഥലമെന്ന ആവശ്യത്തിനുമുന്നിൽ വില്ലനാവുന്നത്.

ഒടുവിൽ ഞങ്ങളുടെ സ്‌കൂളിനെ ഞങ്ങൾ സഹായിക്കുമെന്ന് പറഞ്ഞ് കുട്ടികൾ തന്നെ മുന്നിട്ടിറങ്ങി. കളിസ്ഥലത്തിനായി നോക്കിവെച്ച സ്‌കൂളിനടുത്തുള്ള സ്ഥലം വാങ്ങാനായി കുട്ടികളുടെ സംഭാവനയാണ് പണക്കുടുക്കയിൽ ശേഖരിക്കപ്പെടുന്നത്. കളിസ്ഥലം വാങ്ങിക്കാനായി ജനകീയസമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

കുട്ടികൾക്ക് പണക്കുടുക്ക വിതരണംചെയ്യുന്ന ചടങ്ങ് സാംസ്‌കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. സത്യൻ അദ്ധ്യക്ഷനായി. ജുനൈസ് നെച്ചുള്ളി, പി. അജിത്ത്, സി.പി. മായിൻ, അച്യുതൻ അക്കിപ്പാടം, സുബൈർ പയ്യനെടം, റാഫി മൈലംകോട്ടിൽ, കെ.പി. മുഹമ്മദ് കോയ, കെ. സ്വാനി, എൻ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

വേണ്ടത് 41 ലക്ഷം രൂപയോളം

സ്‌കൂളിനടുത്തുള്ള 46 സെന്റ് സ്ഥലത്തിന് 41 ലക്ഷം രൂപയോളം വില വരും. ഇതിലേക്കുള്ള കുട്ടികളുടെ സംഭാവനയാണ് പണക്കുടുക്കയിൽ ശേഖരിക്കപ്പെടുന്നത്.