കാര്യവട്ടം ട്വന്റി-20; ദക്ഷിണാഫ്രിക്കയെത്തി, ടീം ഇന്ത്യ ഇന്നെത്തും 

Monday 26 September 2022 4:02 AM IST

പരിശീലനം ഇന്നുമുതൽ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്സ് ഹബിൽ ബുധനാഴ്ച നടക്കുന്ന ട്വന്റി- 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ടീം ഇന്ത്യ ഇന്ന് തിരുവനന്തപുരത്തെത്തും. ഹൈദരാബാദിൽ നിന്നും ഇന്നു വൈകിട്ട് 4.30നാണ് ഇന്ത്യൻ ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ തലസ്ഥാനത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ,​ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രാജീവ്, ടിഡിസിഎ വൈസ് പ്രസിഡന്റ് ഷൈൻ.എസ്.എസ് എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കൻ സംഘത്തെ സ്വീകരിച്ചു. കോവളം ലീലാ റാവീസ് ഹോട്ടലിലാണ് ടീമിന്റെ താമസം. യാത്രാക്ഷീണം പരിഗണിച്ച് ഇന്നലത്തെ പരിശീലന സെക്ഷൻ റദ്ദ്ചെയ്ത ദക്ഷിണാഫ്രിക്കൻ താരങ്ങൾ നീന്തൽ പോലുള്ള വിനോദങ്ങളുമായി ഹോട്ടലിൽ തന്നെയായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ചിന് ടീം ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും.

വൈകിട്ട് 4.30ന് ദക്ഷിണാഫ്രിക്കൻ ടീം മാദ്ധ്യമങ്ങളെക്കാണും. നാളെ ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെയും ദക്ഷിണാഫ്രിക്കൻ ടീം പരിശീലനത്തിനെത്തും. തുടർന്ന് വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. 27ന് ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കൻ നായകനും വൈകിട്ട് 4.30ന് ഇന്ത്യൻ നായകനും മാദ്ധ്യമങ്ങളെക്കാണും.

73 ശതമാനം ടിക്കറ്റുകൾ വിറ്റു

മത്സരത്തിന്റെ 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഇതിനോടകം 23,​000 ടിക്കറ്റുകൾ വിറ്റു. 1400 അപ്പർ ടിയർ ടിക്കറ്റുൾപ്പടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വിൽപ്പന.