പരമ്പര നേടി സഞ്ജുവും സംഘവും

Monday 26 September 2022 4:27 AM IST

ചെന്നൈ: ന്യൂസിലൻഡ് എ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ 4 വിക്കറ്റിന്റെ വിജയം നേടി സഞ‍്ജു സാംസൺ നായകനായ ഇന്ത്യ എ ടീം മൂന്ന് മത്സരങ്ങളുൾപ്പെട്ട പരമ്പര 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 47 ഓവറിൽ 219 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 34 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു (222/6)​. ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായ ആദ്യ പരമ്പരയിൽ തന്നെ ടീമിനെ ചാമ്പ്യൻമാരാക്കൻ സഞ്ജുവിനായി. 11 ഫോറും 3 സിക്സും ഉൾപ്പെടെ 43 പന്തിൽ 77 റൺസ് നേടിയ ഓപ്പണർ പ്രിഥ്വി ഷായാണ് ഇന്ത്യൻ ചേസിംഗിൽ മുന്നണിപ്പോരാളിയായത്. സഞ്ജുവും (37)​ ഇന്ത്യ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. റുതു രാജ് ഗെയ്‌ക്‌വാദ് 30 റൺസ് നേടി. ന്യൂസിലൻഡിനായി വാൻ ബീക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ജോ കാർട്ടറും (72)​,​ രചിൻ രവീന്ദ്രയുമാണ് (61)​ ന്യൂസിലൻഡ് ബാറ്റർമാരിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.