ഇന്ത്യൻ ത്രില്ലർ

Monday 26 September 2022 4:30 AM IST

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ഹൈദരബാദ്: ഓസ്ട്രേലിയക്കെതിരായ നി‌ർണായകമായ മൂന്നാം ട്വന്റി-20യിൽ 6 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി.

36 പന്തിൽ 5 വീതം സിക്സും ഫോറും ഉൾപ്പെടെ 69 റൺസ് നേടിയ സൂര്യ കുമാർ യാദവിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. വിരാട് കൊഹ്‌ലിയും (48 പന്തിൽ 63) മികച്ച പ്രകടനം പുറത്തെടുത്തു. ഹാർദിക് പുറത്താകതെ 16 പന്തിൽ 26 റൺസ് നേടി നിർണായക പ്രകടനം നടത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനെ അർദ്ധ സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീനിന്റേയും (21 പന്തിൽ 52, 7 ഫോർ 3 സിക്സ്), ടിം ഡേവിഡിന്റെയും (27 പന്തിൽ 54, 2 ഫോർ ,4 സിക്സ്) വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്കോറിൽ എത്തിച്ചത്. ഡാനിയേൽ സാംസ് (പുറത്താകാതെ 28), ജോഷ് ഇംഗ്ലിസ് (24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ ,ചഹൽ, ഹ‌ർഷൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.