ദുലിപ് ട്രോഫി: പശ്ചിമ മേഖല ചാമ്പ്യൻമാർ
കോയമ്പത്തൂർ: അവസാന ദിനം അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ദക്ഷിണമേഖലയെ 294 റൺസിന് കീഴടക്കി പശ്ചിമ മേഖല ദുലിപ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. പശ്ചിമ മേഖല ഉയർത്തിയ 529 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന് അസാന ദിനം 154/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ദക്ഷിണമേഖല 234 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 93 റൺസെടുത്ത മലയാളി ഓപ്പണർ രോഹൻ എസ്. കുന്നുമ്മലാണ് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണമേഖലയുടെടോപ് സ്കോറർ. രവി തേജ 53 റൺസെടുത്തു.
പശ്ചിമ മേഖലയ്ക്കായി ഷംസ് മുലാനി നാലും അതിത് ഷേത്ത്, ജയദേവ് ഉനദ്‌കഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ രണ്ടാം ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ച്വറി നേടിയ യുവ ഓപ്പണർ യശ്വസി ജയ്‌സ്വാളാണ് (265) പശ്ചിമ മേഖയുടെ വിജയ ശില്പിയായത്. യശ്വസി തന്നെയാണ് കളിയിലെ താരവും. സ്കോർ: പശ്ചിമ മേഖല 270, 585/4ഡിക്ലയേർഡ്. ദക്ഷിണമേഖല 327/10, 234/10.
ജയ്സ്വാളിനെ പുറത്താക്കി രഹാനെ
കോയമ്പത്തൂർ: ദുലിപ് ട്രോഫി ഫൈനലിനിടെ ദക്ഷിണമേഖലയുടെ ബാറ്റർമാരെ നിരന്തരം സ്ലെഡ്ജ് ചെയ്ത പശ്ചിമ മേഖലുയുടെ യശ്വസി ജയ്സ്വാളിനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി ക്യാപ്ടൻ അജിങ്ക്യ രഹാനെ. ഇന്നലെ ദക്ഷിണ മേഖലാ ഇന്നിംഗ്സിന്റെ 50-ാം ഓവറിൽ രവി തേജയുമായി ജയ്സ്വാൾ അതിരുവിട്ട വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. അമ്പയർമാരും രഹാനെയും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്നും ജയ്സ്വാൾ എതിർ ടീമംഗങ്ങൾക്ക് നേരെ അധിക്ഷേപവാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു. ഇതോടെയാണ് രഹാനെ ജയ്സ്വാളിനോട് പവലിയനിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത്.