ഇന്നും ഡോളറിൽ തട്ടിവീണ് രൂപ,​ നേരിടുന്നത് എക്കാലത്തെയും വലിയ മൂല്യത്തകർച്ച, ഇടിവ് തുടരാൻ സാദ്ധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ

Monday 26 September 2022 11:08 AM IST

ന്യൂഡൽഹി: ആഗോള വിപണിയിൽ ഡോളറിനെതിരെ എക്കാലത്തെയും വലിയ മൂല്യത്തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചയുടൻ തന്നെ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനെതിരെ റെക്കോർഡ് താഴ്ചായ 81.55 നിലവാരത്തിലെത്തി. 80.9900 നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആഗോള മാന്ദ്യമാണ് മൂല്യത്തകർച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകർച്ച കറൻസിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിക്കുന്നതിന് കാരണമായി. ഒൻപത് വ്യാപാര ദിനങ്ങളിൽ എട്ടിലും രൂപ ഘട്ടം ഘട്ടമായി തകർച്ച നേരിട്ടിരുന്നു. ഈ ദിവസങ്ങളിലായി ഉണ്ടായ നഷ്ടം 2.28 ശതമാനമാണ്.

തകർച്ച നേരിടുന്ന രൂപയെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ വ്യാപാര സെറ്റിൽമെന്റിനുമായി ആർ ബി ഐയുടെ വിപണി ഇടപെടൽ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ക്രമാതീതമായി കുറയുകയാണ്. ഈ ഇടിവാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്കുള്ള മറ്റൊരു കാരണമായി സാമ്പത്തിക വിദഗ്ദ്ധർ വിശദീകരിക്കുന്നത്.

അതേസമയം, രൂപയുടെ മൂല്യമുയർത്തുന്നതിനായി ആർ ബി ഐ ഉടൻ ഇടപെടാൻ സാദ്ധ്യതയില്ല. ബാങ്കിംഗ് സംവിധാനത്തിൽ പണലഭ്യത കുറഞ്ഞ സാഹചര്യമായതിനാൽ ആർ ബി ഐ ഇടപെടലുണ്ടാകാൻ സാദ്ധ്യത കുറവാണെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ഡോളർ ശക്തമായി തുടരുന്നതും തിരിച്ചടിയാണ്. പണപ്പെരുപ്പം തടയുന്നതിനായി പലിശനിരക്ക് ഉയർത്തുന്നത് അമേരിക്ക തുടരുമെന്ന് തന്നെയാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ രൂപ ദുർബലമായി തുടരാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധർ കണക്കുകൂട്ടുന്നു.

Advertisement
Advertisement