യുക്രെയിൻ സർട്ടിഫിക്കറ്റ്: പണം തട്ടാനുള്ള ശ്രമം വിദ്യാർത്ഥികൾ പൊളിച്ചു

Tuesday 27 September 2022 3:41 AM IST

കൊച്ചി: സർട്ടിഫിക്കറ്റിന്റെ പേരിൽ പണംതട്ടാൻ യുക്രെയിനിലെ വിദ്യാഭ്യാസ ഏജൻസികൾ നടത്തിയനീക്കം മെഡിക്കൽ വിദ്യാർത്ഥികളുടെ പോരാട്ടത്തിന് മുന്നിൽ പൊളിഞ്ഞു. യുക്രെയിൻ സർവകലാശാലകളിൽ നിന്നുള്ള മാർക്ക് ലിസ്റ്റ് കൈമാറുന്നതിന് വൻതുക ആവശ്യപ്പെട്ടെന്ന് കാട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

2,000 ഡോളർ (1.62 ലക്ഷം രൂപ) വരെയാണ് ഏജൻസികൾ ആവശ്യപ്പെട്ടത്. ഇത് 1,​000 ഡോളറായി കുറയ്ക്കാമെന്നും സീൽവച്ച മാർക്ക് ലിസ്റ്റ് നൽകാമെന്നുമായിരുന്നു വാഗ്ദാനം. ഒരുരൂപ പോലും നൽകില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും വിദ്യാർത്ഥികൾ നിലപാട് കടുപ്പിച്ചതോടെ സീൽചെയ്ത മാർക്ക് ലിസ്റ്റ് സൗജന്യമായി നൽകാമെന്ന് ഏജൻസികൾ രേഖാമൂലം എഴുതിനൽകി. 53 വിദ്യാർത്ഥികളും മാതാപിതാക്കളുമാണ് പ്രതിഷേധമുയർത്തിയത്.

സൗത്ത് പൊലീസിലാണ് വിദ്യാർത്ഥികൾ പരാതിപ്പെട്ടത്. ഏജൻസി അധികൃതരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതോടെ ഫീസ് 1,500 ഡോളറായി കുറയ്ക്കാമെന്ന് സമ്മതിച്ചു. വിദ്യാർത്ഥികൾ ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് 1,000 ഡോളർ വേണമെന്ന് ഏജൻസിക്കാർ ആവശ്യപ്പെട്ടത്. ഇതും നൽകില്ലെന്ന് ആവർത്തിച്ചതോടെ, വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിച്ച് ഏജൻസി തടിതപ്പി. 29ന് സോഫ്റ്റ് കോപ്പിയും ഒക്ടോബർ നാലിന് യഥാർത്ഥ സർട്ടിഫിക്കറ്റും നൽകാമെന്നാണ് രേഖാമൂലമുള്ള ഉറപ്പ്.

'' പണം നൽകാൻ ആദ്യം ‍ഞങ്ങൾ തയ്യാറായിരുന്നു. എന്നാൽ,​ വൻതുക ആവശ്യപ്പെട്ട് ഏജൻസികൾ കഷ്ടപ്പെടുത്തി. ഇനിയെന്തായാലും ഒറ്റരൂപ പോലും കൊടുക്കില്ല""

ബാബു,​

മെഡിക്കൽ വിദ്യാർത്ഥിയുടെ പിതാവ്

Advertisement
Advertisement