ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് മാർച്ച്

Tuesday 27 September 2022 12:00 AM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിനെത്തിയത് നൂറു കണക്കിന് പ്രവർത്തകർ. സെക്രട്ടേറിയറ്റും പരിസരവും ആശാവർക്കർമാരെക്കൊണ്ട് നിറഞ്ഞു. പതിനാല് ജില്ലകളിൽ നിന്നുള്ള ആശാവർക്കർമാരും മാർച്ചിൽ പങ്കെടുത്തു. ഓണറേറിയം വർദ്ധിപ്പിക്കുക, ശൈലി ആപ്പ് സർവേയ്ക്ക് മൊബൈൽ ടാബ് അനുവദിക്കുക, സർവേയ്ക്ക് മാന്യമായ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, ഫെഡറേഷൻ ജനറൽ സെക്രട്ടറിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ പി.പി പ്രേമ, ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുജാത തുടങ്ങിയവർ പങ്കെടുത്തു.