കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം, 100 പേർക്ക് സർക്കാർ സീറ്റിൽ പഠിക്കാം

Monday 26 September 2022 11:25 PM IST

തിരുവനന്തപുരം/ ന്യൂഡൽഹി: ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ പത്തനംതിട്ട കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. 100 പേർക്ക് ഇവിടെ സർക്കാർ സീറ്റിൽ എം.ബി.ബി.എസ് പഠിക്കാം. ഈ അദ്ധ്യയന വർഷം തന്നെ പ്രവേശനം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സർക്കാർ മേഖലയിൽ എം.ബി.ബി.എസ് സീറ്റുകൾ 1655 ആയി.

കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്ന 112 മെഡിക്കൽ കോളേജ് പദ്ധതിയിൽ വയനാടിനെ പരി​ഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതായും ഡൽഹിയിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം വീണാ ജോർജ് പറഞ്ഞു.

കേന്ദ്ര ധനകാര്യ കമ്മിഷൻ ആരോ​ഗ്യ ​ഗ്രാൻഡ് കേരളത്തിന് അനുയോജ്യമായ വിധം വിനിയോ​ഗിക്കാനും അനുമതി ലഭിക്കും. അർബൻ ഹെൽത്ത് സെന്ററുകൾക്ക് കൂടുതൽ തുക അനുവദിക്കും.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം ധനകാര്യമന്ത്രാലയത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ അറിയിച്ചു.

കേരളത്തിൽ സിക്കിൾ സെൽ അനീമിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതും പരി​ഗണിക്കും. നാഷണൽ വൈറോളജി ലാബിന് അനുമതി നൽകണമെന്നും വീണ ജോർജ്ആവശ്യപ്പെട്ടു.

പത്തനംതിട്ടയുടെ ദീർഘനാളായുള്ള സ്വപ്നമാണ് സാക്ഷാത്ക്കരിച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കോന്നിയിൽ കൊവിഡ് കാലത്ത് ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരംഭിച്ചു. മൈനർ ഓപ്പറേഷൻ തിയേറ്റർ, ലാബ്, ഫാർമസി, ഇ- ഹെൽത്ത്, കാരുണ്യ മെഡിക്കൽ സ്റ്റോർ, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ്, അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ഫാർമക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി ലാബ്, ഫിസിയോളജി ലാബ് പഠനോപകരണങ്ങൾ തുടങ്ങിയവ കോന്നിയിൽ നിലവിലുണ്ട്.

നിലവിലെ മെഡി.സീറ്റുകൾ

തിരുവനന്തപുരം മെഡി. കോളേജ് -250, കൊല്ലം-110, ആലപ്പുഴ-175, കോട്ടയം - 175, ഇടുക്കി -100, എറണാകുളം-110, തൃശൂർ- 175, മഞ്ചേരി -110, കോഴിക്കോട് -250, കണ്ണൂർ- 100.

Advertisement
Advertisement