ബഹിരാകാശ യാത്രികയാവാൻ സൗദി വനിതയും , ദൗത്യം അടുത്ത വർഷം
റിയാദ്: വനിതയുൾപ്പടെയുള്ള ബഹിരാകാശ യാത്രികരെ അയയ്ക്കാൻ പദ്ധതിയുമായി സൗദി അറേബ്യ.
ബഹിരാകാശ യാത്രകൾക്ക് ഒരുങ്ങാൻ സൗദിയിലെ കഴിവുള്ള വിദഗ്ദ്ധരെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സൗദിയിൽ തുടക്കമായി.
പെട്രോളിയം സമ്പത്തിന് മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കി 2030ഒാടെ ശാസ്ത്ര സാങ്കേതിക രംഗത്ത് വികസനം നേടുകയാണ് ലക്ഷ്യം. യു.എ.ഇയ്ക്ക് പിന്നാലെ ബഹിരാകാശ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുന്ന സൗദി ബഹിരാകാശദൗത്യം അടുത്ത വർഷം നടത്തും. സൗദിയിൽ സ്ത്രീകൾക്ക് കാർ ഓടിക്കാൻ അനുമതി ലഭിച്ചിട്ട് നാലു വർഷം മാത്രമേ ആയിട്ടുള്ളൂ.
ബഹിരാകാശ പദ്ധതിയുടെ ഭാഗമായി പുരുഷ യാത്രികർക്കൊപ്പം വനിതാ യാത്രികയും ഉണ്ടാവുമെന്ന് സൗദി സ്പേസ് കമ്മിഷൻ അതോറിറ്റി അറിയിച്ചു. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ ഈ പദ്ധതി വഴി ബഹിരാകാശ സഞ്ചാരികളെ പ്രാപ്തരാക്കുമെന്ന് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനായി ഗവേഷകർക്കും വിനോദസഞ്ചാരികൾക്കുമായി സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഹ്യൂസ്റ്റണിലെ ആക്‌സിയം സ്‌പേസുമായി സൗദി അറേബ്യ കരാർ ഒപ്പുവച്ചു. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ ഉപയോഗിച്ച് അടുത്ത വർഷം ആദ്യത്തിൽ തന്നെ ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും. ബഹിരാകാശ നിലയത്തിൽ ഒരാഴ്ച ഇവർ തങ്ങും.
ബഹിരാകാശയാത്ര നടത്തിയ ആദ്യ ഇസ്ളാംമത വിശ്വാസി സൗദി രാജകുമാരൻ സുൽത്താൻ ബിൻ സൽമാനാണ്. 1985ൽ നാസയുടെ ഡിസ്കവറി ദൗത്യസംഘത്തിലെ അംഗമായിരുന്ന അദ്ദേഹം എയർ ഫോഴ്സ് പൈലറ്റായിരുന്നു. 2018ൽ അദ്ദേഹം സൗദി സ്പേസ് കമ്മിഷൻ മേധാവിയായി. കഴിഞ്ഞ വർഷം സൽമാൻ രാജാവിന്റെ ഉപദേശകനാവുന്നതു വരെ ആ സ്ഥാനത്ത് തുടർന്നു.