സംവിധായകൻ അശോകിന് ജന്മനാട് ഇന്ന് വിട നൽകും

Tuesday 27 September 2022 12:24 AM IST

തിരുവനന്തപുരം: സിനിമാസംവിധായകനും ഐ.ടി വ്യവസായിയുമായ അശോക് കുമാറിന് (60) ഇന്ന് ജന്മനാട് വിട നൽകും. ഞായറാഴ്‌ച കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച അശോക്‌കുമാറിന്റെ മൃതദേഹം ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ 10.30 വരെ ഭാരത്‌ഭവനിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് വർക്കലയിലെ പുല്ലാനിക്കോട് കുടുംബവീട്ടിലെത്തിക്കും. അവിടെ പൊതുദർശനത്തിനു ശേഷം ഉച്ചയ്‌ക്ക് രണ്ടിന് സംസ്‌കരിക്കും.

വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തനകേന്ദ്രം മാറ്റിയ അശോകൻ ബിസിനസിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. ചികിത്സയ്‌ക്കായാണ് കൊച്ചിയിൽ എത്തിയത്.

അശോകൻ- താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ സാന്ദ്രം, മൂക്കില്ലാ രാജ്യത്ത് എന്നീ സിനിമകൾ സൂപ്പർഹിറ്റായിരുന്നു. വർണ്ണം, ആചാര്യൻ എന്നിവയാണ് അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. ശശികുമാറിനൊപ്പം നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.

കൈരളി ടി.വിയുടെ തുടക്കത്തിൽ 'കാണാപ്പുറങ്ങൾ' എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിരുന്നു. ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐ.ടി കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടറായിരുന്നു. സീതയാണ് ഭാര്യ. മകൾ അഭിരാമി ഗവേഷണ വിദ്യാർത്ഥിനിയാണ്.