പ്രകൃതിസമ്പത്ത് അവതരിപ്പിക്കൽ കേരള ടൂറിസത്തിന്റെ ദർശനം : മന്ത്രി റിയാസ്

Tuesday 27 September 2022 1:43 AM IST

തിരുവനന്തപുരം: പ്രകൃതിസമ്പത്തും സാംസ്കാരിക പൈതൃകവും ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുകയാണ് കേരള ടൂറിസത്തിന്റെ ദർശനമെന്നും ഉത്തരവാദിത്ത ടൂറിസത്തിലൂടെ സംസ്ഥാനം മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും ലോക ടൂറിസം ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ സന്ദേശം. 'പുനർവിചിന്തന ടൂറിസം' എന്നതാണ് ഈ വർഷത്തെ ലോക വിനോദസഞ്ചാര ദിനത്തിന്റെ പ്രമേയം. ഇത് ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ടൂറിസം വികസിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതാണ്. കേരള ടൂറിസം ഈ പ്രമേയത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു. കാരവാൻ കേരള പോലുള്ള പുതിയ ഉത്പന്നങ്ങളും സംരംഭങ്ങളും ഈ വീക്ഷണത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിയെയും സാമൂഹിക സാംസ്കാരിക തനിമയെയും നിലനിറുത്തി ടൂറിസം വികസിപ്പിക്കുന്ന ശ്രമമാണ് കരുതൽ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ടൂറിസം വികസനം ലോകത്തിനു മാതൃകയാകണം എന്നതാണ് നമ്മുടെ സ്വപ്നം. ടൂറിസം ജനങ്ങളെ സ്പർശിക്കുന്നതും നാടിന്റെ സാമ്പത്തിക ഉത്തേജക ശക്തിയുമാകുമ്പോഴാണ് പുനർവിചിന്തന ടൂറിസം എന്ന പ്രമേയത്തിന് പ്രസക്തി കൈവരുന്നതെന്നും സന്ദേശത്തിൽ പറയുന്നു.

Advertisement
Advertisement