പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

Tuesday 27 September 2022 1:48 AM IST

ന്യൂഡൽഹി: പോക്സോ കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. മോൻസൻ മാവുങ്കലിന്റെ പേരിലുള്ള മൂന്ന് പീഡനക്കേസുകളിലൊന്നായ പോക്സോ കേസിലെ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി ഉത്തരവ്. തുടർന്ന് ജാമ്യത്തിനായി നൽകിയ ഹർജി മോൻസന്റെ അഭിഭാഷകൻ പിൻവലിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മോൻസന്റെ ജീവനക്കാരായിരുന്നു പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവും സഹോദരനുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്ന മോൻസന് ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിലെ 18 പ്രതികളുടെ വിചാരണ ഇതിനകം പൂർത്തിയായെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും മോൻസന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പീഡനം നടന്നതായി​ പരാതിപ്പെട്ട കാലത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഹർജിക്കാരൻ വാദിച്ചെങ്കി​ലും കോടതി ഈ വാദങ്ങളൊന്നും അംഗീകരിച്ചില്ല.

ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണ് കേസെന്നും താൻ ജയിലിൽ നിന്ന് പുറത്തിറങ്ങാതി​രി​ക്കാൻ ഗൂഢാലോചന നടക്കുന്നതായും കേരള പൊലീസിൽ സ്വാധീനമുള്ള ഒരു വനിതയാണ് ഇതിന് പിന്നിലെന്നുമാണ് മോൻസന്റെ ആരോപണം. വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായം വാഗ്ദാനം ചെയ്ത് 2019 ൽ കലൂരിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്.

Advertisement
Advertisement