സിൽവർലൈൻ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ; ഹാസ്യനാടകമായെന്ന് ഹൈക്കോടതി

Tuesday 27 September 2022 1:58 AM IST

കൊച്ചി: സിൽവർലൈൻ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പദ്ധതിക്കുവേണ്ടി സർവേ നടത്തി കെ -റെയിൽ എന്നെഴുതിയ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാർ നിലപാടറിയിച്ചത്. ജനങ്ങളെ പേടിപ്പിച്ച് എങ്ങനെ പദ്ധതി നടപ്പാക്കാനാവുമെന്ന് ഈ ഘട്ടത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ നേരത്തെ കോടതി സർക്കാരിന്റെ നിലപാടു തേടിയിരുന്നു.

സാമൂഹ്യാഘാതപഠനം നിയമപ്രകാരമല്ലെന്ന കാരണത്താൽ ജനങ്ങൾക്ക് നിയമം കൈയിലെടുക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പലകേസുകളും പിൻവലിക്കാൻ സർക്കാർ സുപ്രീം കോടതി വരെ പോയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കേസുകൾ പിൻവലിച്ചാൽ സമൂഹത്തിൽ അല്പം സമാധാനമുണ്ടാകും. എന്നാൽ സർക്കാർ തയ്യാറല്ല. തലയ്ക്കു മുകളിൽ കേസുകൾ വാളു പോലെ തൂങ്ങി നിന്നാലേ ഇനിയും സർവേ നടത്താനാവൂ എന്നാണ് സർക്കാർ കരുതുന്നത്. പോർവിളിച്ചല്ല, ജനങ്ങളെ ഒപ്പം നിറുത്തിയാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതി എവിടെ തുടങ്ങി എവിടെയെത്തിയെന്ന് നോക്കൂ - ഹൈക്കോടതി പറഞ്ഞു.

ഇനി കാര്യമില്ല, ഹർജികൾ തീർപ്പാക്കി

പദ്ധതിയുടെ ഡി.പി.ആറിന് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനാൽ സർവേയോ മറ്റു നടപടികളോ ഇനി പ്രസക്തമല്ലെന്നു വിലയിരുത്തി ഹൈക്കോടതി ഹർജികൾ തീർപ്പാക്കി. ഷേക്‌സ്‌പിയറിന്റെ 'മച്ച് ആഡോ എബൗട്ട് നത്തിംഗ്' (കാര്യമില്ലാത്ത ബഹളം) എന്ന ഹാസ്യനാടകത്തിലേതുപോലെ കാര്യമില്ലാത്തതായി ഇതു മാറിയെന്നും ഹൈക്കോടതി പറഞ്ഞു.

സർവേയ്ക്കോ ഭൂമി ഏറ്റെടുക്കാനോ സർക്കാർ തുടർനടപടിയെടുത്താൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാം.

സർവേ ഡയറക്ടർ ഹൈക്കോടതി ഉത്തരവു മറികടന്ന് കെ-റെയിൽ കുറ്റികൾ സ്ഥാപിക്കാൻ അനുമതി നൽകിയത് അങ്ങേയറ്റം ദൗർഭാഗ്യകരമായി. എങ്കിലും അതിൽ തുടർ നടപടിയെടുക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഇതുകൊണ്ടൊക്കെ എന്തു നേടി? ഡി.പി.ആറിന് കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ സാമൂഹ്യാഘാത പഠനവും സർവേയും എന്തിനാണ്? പദ്ധതിയുടെ അലൈൻമെന്റ് മാറ്റാൻ അവർ ആവശ്യപ്പെട്ടാൽ ഇതൊക്കെ വെറുതേയാവില്ലേ?

സിൽവർലൈൻ പദ്ധതിയെന്ന ആശയം നല്ലതാണ്. പക്ഷേ അതു ശരിയായ വിധത്തിൽ നടപ്പാക്കേണ്ടിയിരുന്നു. കോടതി ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകിയപ്പോൾ സർക്കാരിനെ ആക്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി - സിംഗിൾബെഞ്ച് പറഞ്ഞു.

Advertisement
Advertisement