ലക്ഷങ്ങൾ വിലയുള്ള  മക്കാവോക്കാരി സുന്ദരിക്ക് മൂന്ന് കുഞ്ഞുങ്ങൾ, കൊണ്ടുവന്നത് എം എ  ബേബി 

Tuesday 27 September 2022 9:20 AM IST

തിരുവനന്തപുരം: മക്കാവോക്കാരി സുന്ദരി തത്ത മൃഗശാലയിൽ അടയിരുന്ന് വിരിയിച്ചത് മൂന്ന് കുഞ്ഞുങ്ങളെ. 28 ദിവസം അടയിരുന്ന് മൂന്ന് മുട്ടകളാണ് വിരിയിച്ചത്. കുഞ്ഞുങ്ങൾ മൂന്നുമാസശേഷമാണ് പുറത്തിറങ്ങിയതെങ്കിലും പറക്കാറായിട്ടില്ല. മൃഗശാലയിൽ ആദ്യമായാണ് മക്കാവോ തത്ത മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.നീല, പച്ച, സ്വർണ നിറങ്ങൾ കലർന്നതാണ് കുഞ്ഞുങ്ങൾ. പിച്ചവയ്ക്കുന്ന ഇവയ്ക്ക് അമ്മത്തത്തവേണം ഭക്ഷണം നൽകാൻ. കുഞ്ഞുങ്ങൾ മൂന്നും പൂർണ ആരോഗ്യത്തിലാണ്. ലിംഗ നിർണയം ഡി.എൻ.എ പരിശോധനയിലൂടെയേ സാദ്ധ്യമാകൂ.

ലക്ഷങ്ങൾ വിലയുള്ള തത്തക്കളെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി മന്ത്രിയായിരുന്ന സമയത്ത് ബംഗളൂരുവിൽ നിന്നാണ് എത്തിച്ചത്. 12 ലക്ഷത്തോളം രൂപയ്ക്ക് കൊണ്ടുവന്ന പക്ഷികളിൽപ്പെട്ട മക്കാവോ ആണ് കുഞ്ഞുങ്ങൾക്ക് ജന്മംനൽകിയത്. 12 വർഷത്തിലധികമായി മക്കാവോ മൃഗശാലയിലുണ്ടെങ്കിലും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.

പുതുതായി നിർമിച്ച വലിയ കൂട്ടിലേക്ക് മാറ്റിയതോടെയാണ് മുട്ടയിട്ട് അടയിരുന്നത്. സ്‌കാർലറ്റ് മക്കാവ്,ഗ്രീൻ വിങ്ഡ് മക്കാവ്.ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ്,അംബ്രല്ലാ കൊക്കറ്റു തുടങ്ങിയ ഒരുഡസനോളം മക്കോവോ തത്തകൾ മൃഗശാലയിലുണ്ട്. 22 ലക്ഷത്തിന് ഗുജറാത്തിൽ നിന്ന് പുതിയ ഇനം മക്കോവോകളെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പകരം നീർക്കുതിരയെ നൽകിയാണ് ഇവ എത്തിക്കുക. മൃഗശാലയിൽ സൺകോനൂർ ഉൾപ്പെടെ വിലപിടിപ്പുള്ള മറ്റ് പക്ഷികളുമുണ്ട്. അടുത്തിടെ രണ്ട് സൺകോനൂർ പക്ഷികളെ കൂട്ടിൽ നിന്ന് കാണാതായത് ഏറെ വിവാദമായിരുന്നു. മോഷ്ടിച്ചതാണെന്ന ആരോപണമുയർന്നെങ്കിലും എലി കടിച്ചുകൊണ്ടുപോയി എന്ന വിശദീകരണമാണ് അധികൃതർ നൽകിയത്.

Advertisement
Advertisement