വിനോദസഞ്ചാരത്തിലും സ്റ്റാർട്ടപ്പ് കരുത്ത്

Wednesday 28 September 2022 2:23 AM IST

കൊച്ചി: വിനോദസഞ്ചാര മേഖലയിലും കരുത്തറിയിച്ച് സ്റ്റാർട്ടപ്പുകൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) പിന്തുണയോടെ മൂന്നു സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വിനോദസഞ്ചാരം, ഹോട്ടൽ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ ടൂറിസംദിനത്തിൽ അറിയിച്ചു.

സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത കാമ്പർ, വോയ് ഹോംസ്, ടെന്റ് ഗ്രാം എന്നീ സ്റ്റാർട്ടപ്പുകൾ ടൂറിസത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. മഴക്കാലം അവസാനിച്ചതോടെ കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചത് ടൂറിസം, ഹോട്ടൽ വ്യസായങ്ങൾക്ക് ഗുണം ചെയ്യുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.

ടൂറിസം മേഖലയുടെ പുനരുജ്ജീവനം ഫലപ്രദമായി ഉപയോഗിക്കാൻ ആറു വർഷമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് കാമ്പർ. ദക്ഷിണേന്ത്യയിലെ 200 ക്യാമ്പ് സൈറ്റുകൾ കാമ്പറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബസമേതം അവധിക്കാലം ചെലവഴിക്കാൻ വില്ലാ സൗകര്യം ഒരുക്കുകയാണ് കോഴിക്കോട് ആസ്ഥാനമായ വോയ് ഹോംസ്. മൂന്നാറിൽ ആരംഭിച്ച ടെന്റ് ഗ്രാം ബഡ്ജറ്റ് പാക്കേജിൽ ടെന്റ് സൗകര്യം ഒരുക്കുന്നുണ്ട്.

Advertisement
Advertisement