കരളിനെ ഉഷാറാക്കാൻ കടൽപ്പായൽ ഗുളിക

Wednesday 28 September 2022 3:58 AM IST

കൊച്ചി: കരളിന് കരുത്തേകാൻ കടൽപ്പായയിൽ നിന്ന് വികസിപ്പിച്ച ഗുളിക. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പും നിയന്ത്രിക്കുന്ന കടൽമീൽ ലിവ്ക്യൂവർ എക്സ്ട്രാക്ട് എന്ന ഗുളിക കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) വികസിപ്പിച്ചത്.

മദ്യപിക്കാത്തവരിലുമുണ്ടാകുന്ന ഫാറ്റി ലിവറിനെ ചെറുക്കുന്നതാണ് പ്രകൃതിദത്തമായി വികസിപ്പിച്ച ഗുളിക. കടൽപ്പായലുകളിലെ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സി.എം.എഫ്.ആർ.ഐ വികസിപ്പിച്ച ഒമ്പതാമത്തെ ഉത്പന്നമാണിത്.

പ്രകൃതിദത്ത ഉത്പന്നം

400 മില്ലിഗ്രാം അളവിലുള്ള ഗുളികകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കാജൽ ചക്രബർത്തി പറഞ്ഞു. യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്ന് വിശദമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ഗുളിക വ്യാവസായികമായി നിർമ്മിക്കുന്നതിന് മരുന്ന് നിർമ്മാതാക്കൾക്ക് സാങ്കേതികവിദ്യ കൈമാറും.

ഔഷധസമ്പന്നം കടൽപ്പായൽ

പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമ്മർദ്ദം, തൈറോയിഡ് രോഗങ്ങൾക്കെതിരെയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചിട്ടുണ്ട്.

നിരവധി ഔഷധഗുണങ്ങളടങ്ങിയ സസ്യയിനമാണ് കടൽപ്പായൽ. ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായരംഗത്ത് അനന്തസാദ്ധ്യതകളാണ് കടൽപ്പായലിനുള്ളതെന്ന് ഗവേഷകർ

ചൂണ്ടിക്കാട്ടുന്നു.

''കടൽപ്പായലിൽനിന്ന് അനുയോജ്യമായ ഘടകങ്ങൾ വേർതിരിച്ച് ഔഷധോത്പന്നങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം കടൽപ്പായൽ കൃഷി വ്യാപകമാക്കുന്നതിനും ഊന്നൽ നൽകുന്നുണ്ട്""

ഡോ.എ.ഗോപാലകൃഷ്ണൻ,

ഡയറക്ടർ,

സി.എം.എഫ്.ആർ.ഐ

Advertisement
Advertisement