​​​​​​​സുപ്രീം കോടതിയോട് കേരളം: തെരുവ് നായ്ക്കളെ കൊല്ലാൻ  അനുമതി  നൽകണം

Wednesday 28 September 2022 1:34 AM IST

ന്യൂഡൽഹി: പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായകളെയും കൊല്ലാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തെരുവ് നായകൾ പെരുകുന്നത് തടയാനുള്ള എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

തെരുവ് നായകളെ കൊല്ലണമെന്നും കൊല്ലാൻ പാടില്ലെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ ഇന്ന് ഇടക്കാല ഉത്തരവ് പറയാനിരിക്കേയാണ് സംസ്ഥാന സർക്കാർ ഈ അപേക്ഷ നൽകിയത്.

മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾ ബാധിച്ച മറ്റു മൃഗങ്ങളെയും പക്ഷികളെയും കൊല്ലാറുള്ളതുപോലെ നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

സംസ്ഥാന നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായകളെയും കൊല്ലാം. എന്നാൽ കേന്ദ്ര ചട്ടങ്ങൾ അതനുവദിക്കാത്തതിനാൽ നടപ്പാക്കാൻ കഴിയുന്നില്ല.

മൃഗക്ഷേമ ബോർഡിന്റെ സർട്ടിഫിക്കറ്റില്ലാത്ത ഏജൻസിയാണെന്ന കാരണത്താൽ എ.ബി.സി പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഇതോടെ എട്ട് ജില്ലകളിലെ എ.ബി.സി പദ്ധതി പൂർണ്ണമായി തടസ്സപ്പെട്ടു. കേരളത്തിൽ സർട്ടിഫിക്കറ്റുള്ള മറ്റ് ഏജൻസികൾ ഇല്ലാത്തതിനാൽ കുടുംബശ്രീക്ക് അനുമതി നൽകണം.

കേരളം സ്വീകരിച്ച നടപടികളും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. തെരുവ് നായ ശല്യം കൂടുതലുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങൾക്ക് മുൻഗണന നൽകി വാക്സിനേഷൻ നടപ്പാക്കി വരികയാണ്. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സംഘടനകളുടെ സഹകരണത്താൽ തെരുവ് നയകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി നായ സ്നേഹികൾ, ഹോട്ടൽ ഉടമകൾ എന്നിവരുടെ സഹകരണം തേടിയിട്ടുണ്ട്. വളർത്ത് നായകളുടെ രജിസ്ട്രേഷനും ഊർജ്ജിതമാക്കിയെന്നും സർക്കാർ സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി സർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Advertisement
Advertisement