സി.പി.ഐ സമ്മേളനത്തിനുമുമ്പേ വെടിമുഴക്കം: കാനത്തിനെതിരെ കൊടും പോര്

Wednesday 28 September 2022 12:00 PM IST
f

വെടിയുതിർത്ത് ദിവാകരൻ

പോര് മുറുക്കി ഇസ്മായിൽ

തിരുവനന്തപുരം: കാനത്തിനെതിരെ ആര് മത്സരിക്കും? തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി പദത്തിലെത്താൻ കാനം രാജേന്ദ്രൻ ഒരുങ്ങിയിരിക്കെ അതിനെ തടയിടാൻ മറുചേരി കരുനീക്കങ്ങൾ ശക്തമാക്കിയതോടെ ഉയരുന്ന ചോദ്യമാണിത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരാനിരിക്കെ മുതിർന്ന നേതാവ് സി.ദിവാകരൻ മുഴക്കിയ അപ്രതീക്ഷിത വെടി പോർവിളിയായി. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്നാണ് കെ.ഇ. ഇസ്മായിൽ ഉൾപ്പെടെയുള്ള മറ്റ് എതിർപക്ഷ നേതാക്കളും സൂചിപ്പിക്കുന്നത്.

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവിനെ മത്സരത്തിനിറക്കാനുള്ള നീക്കം ഇസ്മായിൽ പക്ഷം തള്ളുന്നില്ലെങ്കിലും, പ്രകാശ്ബാബു മനസ്സ് തുറന്നിട്ടില്ല. പ്രായപരിധി നിബന്ധന മുതിർന്ന നേതാക്കളായ തങ്ങളെ വെട്ടാനുള്ള കാനം പക്ഷത്തിന്റെ തന്ത്രമാണെന്ന് കരുതുന്ന ഇസ്മായിലും ദിവാകരനും അതിന് തടയിടാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. പല ജില്ല സമ്മേളനങ്ങളിലും മത്സരത്തിന് കളമൊരുക്കി ഔദ്യോഗിക ചേരിക്ക് എതിർപക്ഷം ആഘാതമേൽപ്പിച്ചിരുന്നു. അതിന്റെ തുടർചലനങ്ങളാണ് സംസ്ഥാന സമ്മേളനം കാത്തിരിക്കുന്നത്. ജില്ലകളിൽ നിന്ന് പരമാവധി ശക്തി സംഭരിക്കാനുള്ള നീക്കങ്ങൾ ഇരുപക്ഷവും ആരംഭിച്ചിട്ടുണ്ട്.

# സി. ദിവാകരൻ ഉന്നയിക്കുന്നത്

ഒരാൾ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തമെന്തിന് ? എന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ട. കാനം രാജേന്ദ്രൻ എന്നേക്കാൾ ജൂനിയറാണ്. പ്രായപരിധി നിർദ്ദേശം അംഗീകരിക്കില്ല. സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെ. സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ മത്സരമുണ്ടാകും. സംസ്ഥാനത്ത് പാർട്ടിയിൽ നേതൃമാറ്റം ആവശ്യമാണ്. നേതൃത്വത്തെ തിരുത്താൻ നോക്കിയപ്പോൾ വഴങ്ങിയില്ല. പിന്നെ ഇടപെടാൻ ശ്രമിച്ചില്ല.

#കാനത്തിന്റെ മറുപടി

പ്രായപരിധി മാനദണ്ഡം ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗരേഖയനുസരിച്ചാണ്. ദിവാകരൻ അതറിയാത്തത് പാർട്ടിയുടെ കുറ്റമല്ല. സംസ്ഥാന സെക്രട്ടറിക്ക് മൂന്നു തവണ തുടരാമെന്ന് ഭരണഘടനയിലുണ്ട്. നാലാം തവണയും വരണമെങ്കിൽ നാലിൽ മൂന്ന് ഭൂരിപക്ഷം വേണം. സെക്രട്ടറി സ്ഥാനത്തേക്ക് മുമ്പും പല പേരുകളുമുയർന്നിട്ടുണ്ട്. വെളിയം ഭാർഗവൻ സെക്രട്ടറിയായപ്പോൾ ചന്ദ്രപ്പൻ പിന്മാറിയില്ലേ. വിമർശിക്കുന്നവർ പാർട്ടി ഭരണഘടന വായിക്കണം. പ്രായം കൊണ്ട് ദിവാകരൻ എന്നേക്കാൾ സീനിയറാണ്. 81ൽ പാർട്ടി സംസ്ഥാന കൗൺസിലിൽ വന്നയാളാണ് ഞാൻ.

വാദം... മറുവാദം

#ഔദ്യോഗികചേരി:

1. പ്രായപരിധി വ്യവസ്ഥ ദേശീയകൗൺസിൽ തീരുമാനം.ഇപ്പോൾ എതിർപ്പ് പറയുന്നവർ ജില്ലാ സമ്മേളനങ്ങളിൽ എതിർത്തില്ല.

2. തിരഞ്ഞെടുപ്പുകളിൽ രണ്ട് ടേം മത്സരിച്ചവർ മാറണമെന്ന് ഭരണഘടന പറ‌ഞ്ഞിട്ടല്ല.

#മറുചേരി:

1. പ്രായപരിധി വ്യവസ്ഥ പാർട്ടി തീരുമാനമല്ല, നിർദ്ദേശം മാത്രം.അത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധം.

2. പ്രായത്തിന്റെ പേരിൽ ആരോഗ്യത്തോടെ സംഘടനാരംഗത്ത് സജീവമാകുന്നവരെ അകറ്റുന്നത് അന്യായം.

Advertisement
Advertisement