ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല: ഏഴ് ഭാഷാ കോഴ്സുകൾക്ക് ഈ വർഷം അനുമതി

Wednesday 28 September 2022 12:00 AM IST

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അപേക്ഷിച്ച 17 കോഴ്സുകളിൽ ഏഴ് ഭാഷ കോഴ്സുകൾക്ക് മാത്രം യു.ജി.സിയുടെ അനുമതി .സംസ്കൃതം, ഹിന്ദി, അറബിക്, മലയാളം, ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്സുകൾക്കും മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുമാണ് അനുമതി ലഭിച്ചത്.

ബി.എ ഫിലോസഫി ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ് അടക്കമുള്ള മാനവിക, ശാസ്ത്ര വിഷയ കോഴ്സുകൾക്ക് അനുമതി നിഷേധിച്ചു. ഈ കോഴ്സുകളുടെ നടത്തിപ്പിന് നേതൃത്വം നൽകുന്ന സർവകലാശാലയുടെ കീഴിലുള്ള സ്കൂളുകൾക്ക് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ കുറയാത്ത യോഗ്യതയുള്ള സ്ഥിരം മേധാവിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ലാംഗ്വേജസ്,

ലാ ആൻഡ് ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ സ്കൂളുകൾക്ക് കീഴിലാണ് സർവകലാശാലയിലെ വിവിധ കോഴ്സുകളുടെ നടത്തിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ,​ സ്കൂൾ ഒഫ് ലാഗ്വേജസിന് മാത്രമാണ് സ്ഥിരം മേധാവിയെ നിയമിച്ചിട്ടുള്ളത്.

അനുമതിക്കായി അപേക്ഷിച്ച 12 ബിരുദ കോഴ്സുകൾക്ക് മൂന്ന് വീതവും ,അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് രണ്ട് വീതവും അദ്ധ്യാപകരെയാണ് താത്ക്കാലികാടിസ്ഥാനത്തിൽ നിയമിച്ചത്. സ്കൂൾ മേധാവികൾ സ്ഥിരം നിയമനമായതിനാൽ ഡെപ്യുട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കാനായിരുന്നു തീരുമാനം. ഇതിന് സർവകലാശാല അപേക്ഷ ക്ഷണിച്ചെങ്കിലും, സ്കൂൾ ഒഫ് ലാംഗ്വേജസിന് മാത്രമേ ആളെ കിട്ടിയുള്ളൂ. ബാക്കി മൂന്ന് സ്കൂളുകൾക്കായി വീണ്ടും അപേക്ഷ ക്ഷണിക്കാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് വിദഗ്ധ സംഘം പരിശോധനയ്ക്കെത്തിയത്. വിദഗ്ധ സംഘം 12 ബിരുദ കോഴ്സുകൾക്ക് അംഗീകാരം നൽകണമെന്ന ശുപാർശയാണ് സമർപ്പിച്ചത്. യു.ജി.സി റിവ്യു കമ്മിറ്റിയാണ് സ്ഥിരം മേധാവിയുള്ള സ്കൂൾ ഒഫ് ലാംഗ്വേജസിന് കീഴിൽ വരുന്ന കോഴ്സുകൾക്ക് അംഗീകാരം നൽകാൻ നിർദ്ദേശിച്ചത്.

അപ്പീൽ നൽകാം

നിലവിൽ അനുമതി ലഭിക്കാത്ത വിഷയങ്ങളുടെ കാര്യത്തിൽ 30 ദിവസത്തിനകം അപ്പീൽ നൽകാം. ബാക്കി നാല് സ്കൂളുകൾക്ക് കൂടി മേധാവിമാരെ നിയമിച്ച് അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് സർവകലാശാല. അനുമതി കിട്ടിയ കോഴ്സുകളിൽ ഒക്ടോബർ 31ന് മുമ്പ് പ്രവേശന നടപടികൾ പൂർത്തിയാക്കി,​ നവംബർ 15ന് മുമ്പ് യു.ജി.സിയുടെ പോർട്ടിലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യണം.പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.

അദ്ധ്യാപകർക്ക് പ്രവൃത്തി

പരിചയക്കുറവ്

സർവകലാശാല മൂന്ന് വർഷത്തെ കരാറടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ഇവർക്ക് കരിക്കുലം, പഠനസാമഗ്രി എന്നിവ തയ്യാറാക്കുന്നതിൽ പ്രവൃത്തി പരിചയം കുറവാണെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഭരണ നിർ‌വഹണ സമിതികളുടെ രൂപീകരണത്തിൽ വ്യക്തതയില്ല. ലാബ് അവശ്യമുള്ള കോഴ്സുകൾക്ക് ലാബ് മാനുവൽ തയ്യാറാക്കിയിട്ടില്ല. ലേണിംഗ് സപ്പോർട്ട് സെന്ററുകളുടെ പ്രവർത്തന രീതിയിലും വ്യക്തതയില്ല. ഓൺലൈൻ ലൈബ്രറി സൗകര്യം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement