കാട്ടക്കട സംഭവം: അഞ്ചാമനും സസ്പെൻഷൻ

Wednesday 28 September 2022 12:29 AM IST

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കൺസെഷൻ ടിക്കറ്റ് അനുവദിക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ട മെക്കാനിക് എസ്. അജികുമാറിനെ കെ.എസ്.ആർ.ടി.സി ഒടുവിൽ സസ്പെൻഡ് ചെയ്തു. ഈ മാസം 20ന്ഉണ്ടായ സംഭവത്തിൽ എട്ട് ദിവസമായപ്പോഴാണ് നടപടി.

കെ.എസ്.ആർ.ടി.സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

പ്രേമനനെ മർദ്ദിക്കുന്നവരുടെ കൂട്ടത്തിൽ അജികുമാറും ഉൾപ്പെട്ടിരുന്നതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കെ.എസ്.ആർ.ടി.സി വാർത്താകുറിപ്പിൽ അറിയിച്ചു. അതേസമയം, ഒരു പ്രതിയെപ്പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.