റബറിന്റെ വിലത്തകർച്ച ഗൗരവമുള്ളത്: രാഹുൽ

Wednesday 28 September 2022 12:59 AM IST

മലപ്പുറം: കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും ഇതിനായി നിയമ നിർമ്മാണത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മലപ്പുറം പെരിന്തൽമണ്ണ എം.എസ്.ടി.എം കോളേജ് ലൈബ്രറി ഹാളിൽ കർഷകരുടെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. റബറിന്റെ വിലത്തകർച്ച ഗൗരവമുള്ളതാണ്. കോൺഗ്രസിന്റെ കൈയിൽ ഇപ്പോൾ അധികാരമില്ല. ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാർട്ടിയായി പാർലമെന്റിനുള്ളിൽ കർഷകർക്ക് വേണ്ടി ശക്തമായി വാദിക്കും. നിലവിൽ ഭരണാധികാരികൾ കർഷകരെ പാടേ അവഗണിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ ഗ്രാമീണ മേഖലയിലെ ഭൂമിക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടിയും അർബൻ മേഖലയിൽ മാർക്കറ്റ് വിലയുടെ ഇരട്ടിയും നൽകണം. ഇതുസംബന്ധിച്ച് പാർലമെന്റിൽ ശക്തമായി വാദിക്കുമെന്നും രാഹുൽ പറഞ്ഞു. വിവിധ പ്രശ്നങ്ങൾ കർഷകർ ഉന്നയിച്ചു. മതിയായ നഷ്ടപരിഹാരം നൽകാതെ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെയും പരാതി ഉയർന്നു. വയനാട്, ഇടുക്കി, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജയറാം രമേശ്, പി.സി. വിഷ്ണുനാഥ് സന്നിഹിതരായിരുന്നു.

 ജോഡോ യാത്ര നാളെ തമിഴ്‌നാട്ടിലേക്ക്

മലപ്പുറം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനത്തിന് വിരാമമിട്ട് നാളെ നിലമ്പൂർ നാടുകാണി വഴി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കും. ഇന്നലെ പാലക്കാട് നിന്ന് മലപ്പുറത്തേക്ക് പ്രവേശിച്ച ജാഥ പാണ്ടിക്കാട് സമാപിച്ചു. ഇന്ന് രാവിലെ 6.30ന് പാണ്ടിക്കാട് നിന്നാരംഭിച്ച് 8ഓടെ കാക്കത്തോട് പാലംവഴി നിലമ്പൂരിലേക്ക് പ്രവേശിക്കും. പദയാത്രയ്ക്ക് പ്രത്യേക സ്വീകരണമൊരുക്കും. വൈകിട്ട് ഏഴോടെ നിലമ്പൂർ ചന്തക്കുന്നിൽ സമാപിക്കും. 29ന് രാവിലെ ചുങ്കത്തറ മുട്ടിക്കടവിൽ നിന്നാരംഭിക്കുന്ന പദയാത്ര 11ന് വഴിക്കടവിൽ സമാപിക്കുന്നതോടെ കേരളത്തിലെ യാത്ര പൂർത്തിയാവും. ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ നാടുകാണിയിൽ നിന്നാണ് പദയാത്ര പുനഃരാരംഭിക്കുന്നത്.

ക്യാപ്ഷൻ: രാഹുൽഗാന്ധി പെരിന്തൽമണ്ണ എം.എസ്.ടി.എം കോളേജ് ലൈബ്രറി ഹാളിൽ കർഷക പ്രതിനിധികളുമായി സംവദിക്കുന്നു

Advertisement
Advertisement