ആരാധകരെ ശാന്തരാകുവിൻ... ഇത് മിസ്റ്റർ 'കേരള കൊഹ്‌ലി'

Wednesday 28 September 2022 6:18 AM IST
'രജീഷ്‌

തിരുവനന്തപുരം: ആധുനിക ക്രിക്കറ്റിലെ അതികായനായ ബാറ്റർ 'കേരള കൊഹ്‌ലി'യെ കെ.എസ്.ആർ.ടി.സി ബസിൽ കണ്ട ആരാധകരൊന്ന് പകച്ചു. ഒന്നുകൂടി നോക്കിയിട്ടും പിടികിട്ടാത്തവർ അടുത്തെത്തി സൂക്ഷിച്ചു നോക്കി. അപ്പോ ദാ വന്നു മണിമണിയായി മലയാളം. ആരാധകരെ ശാന്തരാകുവിൻ ഞാൻ പാവമൊരു വയനാട്ടുകാരനാണെ! വിരാട് കൊഹ്‌ലിയോട് വലിയ രൂപ സാദൃശ്യമുള്ള പുൽപ്പള്ളി സ്വദേശിയായ രജീഷ് പറഞ്ഞു. പിന്നെ ഇന്ത്യൻ ജഴ്സിയിലെത്തിയ അപരന്റെ ഫോട്ടോ പകർത്താനായി തിരക്ക്. കാര്യവട്ടത്തെ ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്റി-20 കാണാനുള്ള യാത്രയ്‌ക്കിടെയായിരുന്നു കൗതുക സംഭവങ്ങൾ. വയനാട്ടിൽ നിന്ന് ബസിൽ കോഴിക്കോടെത്തി അവിടുന്ന് ട്രെയിനിലാണ് രജീഷ് തലസ്ഥാനത്തെത്തിയത്. വയനാട് ക്രിക്കറ്റ് അസോസിയേഷനാണ് ടിക്കറ്റ് തരപ്പെടുത്തിയത്, ചില മിമിക്രി വേദികളിൽ തലകാണിച്ചതോടെയാണ് രജീഷിനെ ആൾക്കാർ തിരച്ചറിഞ്ഞു തുടങ്ങിയത്. സ്വന്തമായൊരു ട്രൂപ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ സജീവമല്ല. അനുകരണത്തിനാെപ്പം ചിത്രകാരനും കൂടിയാണ് രജീഷ്. പുൽപ്പള്ളിയിലെ കാർ സ്പെയർ പാർട്സ് കടയിലെ ജീവനക്കാരനാണ് ഈ മുപ്പതുകാരൻ. ആശാരിയായ സുരേഷ് ബാബുവാണ് പിതാവ്, മാതാവ് ഉഷ, സഹോദരി രമ്യ. ടി.ടി.സിക്ക് പഠിക്കുന്ന ആര്യയാണ് ഭാര്യ.


ക്രിക്കറ്റ് അറിയില്ലാത്ത കൊഹ്‌ലി

ഒറിജിനൽ കൊഹ്‌ലി ക്രിക്കറ്റിലെ കിംഗാണെങ്കിൽ കേരള കൊഹ്‌ലിക്ക് ക്രിക്കറ്റ് കളിക്കാനറിയില്ല. കൊവിഡ് കാലത്ത് കൊഹ്‌ലിയോട് രൂപ സാദൃശ്യമുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് ക്രിക്കറ്റ് കാണാൻ പോലും തുടങ്ങിയത്. പിന്നീട് കൊഹ്‌ലിയുടെ സ്റ്റൈലും ഹെയർകട്ടും മാനറിസവും രജീഷ് ഫോളോ ചെയ്യുകയായിരുന്നു. ഇപ്പോൾ ഇന്ത്യയുടെ എല്ലാ മത്സരവും കാണും. ആദ്യമായാണ് ഒരു രാജ്യാന്തര മത്സരം നേരിട്ട് കാണാനെത്തുന്നത്. പറ്റിയാൽ കൊഹ്‌ലിയെ കണ്ട് ഒരു സെൽഫിയെടുക്കണമെന്നാണ് ആഗ്രഹം.

Advertisement
Advertisement