ഇന്ന് ട്വന്റി 20 കാണാൻ പോകുന്നവരുടെ ശ്രദ്ധയ‌്‌ക്ക്, നിങ്ങൾ ആവശ്യപ്പെട്ടാൽ കെ എസ് ആർ ടി സി ഈ സൗകര്യം ഒരുക്കിത്തരും
തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7ന് ആരംഭിക്കുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവർക്കായി കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവീസുകൾ നടത്തും. സെൻട്രൽ യൂണിറ്റിൽ നിന്ന് കാര്യവട്ടം സ്റ്റേഡിയത്തിലേക്കും, രാത്രി തിരിച്ച് കൊല്ലം,തിരുവനന്തപുരം,വെഞ്ഞാറമൂട്,നെടുമങ്ങാട് ഭാഗത്തേക്കും ആവശ്യാനുസരണം സർവീസുകൾ ഉണ്ടാകും. വിവിധ റൂട്ടുകളിലേക്ക് ബസ് സർവീസുകൾ ക്രമീകരിക്കുന്നതിന് കൺട്രോളിംഗ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മത്സരം അവസാനിക്കുമ്പോൾ കാര്യവട്ടത്തു നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് അയയ്ക്കുവാനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം അതുവഴി കടന്നുപോകുന്ന ദീർഘദൂര സർവീസുകൾ യാത്രക്കാർ ആവശ്യപ്പെട്ടാൽ പരാതിക്കിട വരാത്തവിധം സ്റ്റേഡിയത്തിന് സമീപം നിറുത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും വേണ്ട നിർദേശവും നൽകിയിട്ടുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മുതൽ കണിയാപുരം വരെയും കാര്യവട്ടം കാമ്പസിനുള്ളിലും ബസുകൾ പാർക്ക് ചെയ്യും.
ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീ
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന കാണികൾക്കായി കുടുംബശ്രീ സ്വാദിഷ്ട വിഭവങ്ങളൊരുക്കും.നിലവിൽ 3000 പേർക്കുള്ള ഭക്ഷണത്തിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്.ഇതു കൂടാതെ 5000 പേർക്കുള്ള ഭക്ഷണവും കൗണ്ടറുകളിൽ ലഭ്യമാക്കും. ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് ഫുഡ്‌കോർട്ട് സംഘടിപ്പിക്കുക. സ്റ്റേഡിയത്തിന്റെ ടെറസ് പവിലിയനു സമീപത്താണ് കുടുംബശ്രീയുടെ പന്ത്രണ്ട് ഫുഡ് കൗണ്ടറുകൾ പ്രവർത്തിക്കുക. ഓരോന്നിലും എട്ട് ജീവനക്കാർ വീതമുണ്ടാകും. വൈകുന്നേരം മൂന്നു മണിക്ക് ഭക്ഷണ വിതരണം ആരംഭിക്കും. ചിക്കൻ ബിരിയാണി, മുട്ട ബിരിയാണി,ചപ്പാത്തി,പൊറോട്ട,ഇടിയപ്പം,ചിക്കൻ കറി,ചായ,ഇലയട,കപ്പ,സ്നാക്സ്,വെജ് കറി,ഫ്രൂട്ട് സലാഡ്, പോപ്പ്‌കോൺ,മീറ്റ് റോൾ,ചിക്കൻ റോൾ,പൊറോട്ട വെജ് റോൾ,വെജ് സാൻഡ്‌വിച്ച്,ബ്രൂ കോഫി,ബ്ളാക്ക് ടീ, മുട്ട പഫ്സ്,വെജ് കട്ലറ്റ്,കട്ട് ഫ്രൂട്ട്സ്, മീൻ കറി,ചിക്കൻ കട്ലറ്റ്,വെജ് ബർഗർ എന്നിവയാണ് ലഭ്യമാകുക. തിരുവനന്തപുരം ജില്ലയിൽ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്‌നേശ്വര,ശ്രീപാദം,ശ്രീശൈലം,സാംജീസ്,ശ്രുതി, സമുദ്ര,പ്രതീക്ഷ,ജിയാസ്,കൃഷ്ണ എന്നീ കേറ്ററിംഗ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തുന്ന കായിക പ്രേമികൾക്ക് ഭക്ഷണമൊരുക്കുന്നത്. കുടുംബശ്രീ സംസ്ഥാന മിഷന്റെ മേൽനോട്ടത്തിലാണ് സ്റ്റേഡിയത്തിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.